മോസ്‌കോ: അഡോള്‍ഫ് ഹിറ്റ്ലറിന്റെ പേരില്‍ പിസ ഓര്‍ഡര്‍ ചെയ്ത പതിനെട്ടുകാരനായ വിദ്യാര്‍ഥിക്ക് റഷ്യയില്‍ അഞ്ച് ദിവസത്തെ തടവ് ശിക്ഷ. നിഷ്‌നി താഗില്‍ നഗരത്തിലെ ഒരു പ്രാദേശിക ഷോപ്പിങ് സെന്ററിലെ റെസ്റ്റോറന്റില്‍ പിസ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ടിമോഫി വഖോനിന്‍ എന്ന വിദ്യാര്‍ഥി തമാശയ്ക്ക് ഹിറ്റ്ലറിന്റെ പേര് നല്‍കിയതാണ് പ്രശ്‌നമായത്.
സംഭവസ്ഥലത്തുണ്ടായിരുന്ന അലക്‌സി സ്വലോവ് എന്നയാളാണ് വിവരം പൊലീസിനെ അറിയിച്ചത്. തനിക്കൊപ്പമുണ്ടായിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥന്റെ മുന്നില്‍ വെച്ചാണ് വിദ്യാര്‍ഥി ഈ പേര് ഉപയോഗിച്ചതെന്നും അത് വലിയ പ്രകോപനമുണ്ടാക്കിയെന്നും സ്വലോവ് പ്രതികരിച്ചു. സംഭവം അറിഞ്ഞയുടന്‍ പൊലീസ് വിദ്യാര്‍ഥിയെ കോളജ് കാമ്പസില്‍ കയറി കസ്റ്റഡിയിലെടുത്തു.
നാസി ചിഹ്നങ്ങള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തത്. റഷ്യയില്‍ നാസി ചിഹ്നങ്ങളുടെ പ്രദര്‍ശനമോ പ്രചാരണമോ വളരെ ഗൗരവമായാണ് കാണുന്നത്. നാസി ചിഹ്നങ്ങള്‍ പ്രചരിപ്പിക്കുക എന്ന കുറ്റം റഷ്യന്‍ നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്ന ഒന്നാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജര്‍മനിയോട് പൊരുതി വിജയിച്ച ചരിത്രമുള്ള റഷ്യ, ഇത്തരം കാര്യങ്ങളില്‍ വളരെ കര്‍ശനമായ നിലപാടാണ് സ്വീകരിക്കുന്നത്.
പൊലീസിനെ കണ്ടപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കാതെ താന്‍ ചെയ്ത തെറ്റില്‍ പശ്ചാത്താപം പ്രകടിപ്പിക്കുകയാണ് വിദ്യാര്‍ഥി ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥിയുടെ വീട്ടിലും കോളജിലും പൊലീസ് നടത്തിയ പരിശോധനയില്‍ മറ്റ് ചില വിവരങ്ങളും പുറത്തു വന്നു.
പഠനമേശയില്‍ നിരോധിത ചിഹ്നങ്ങള്‍ വരയ്ക്കുകയും അതിന്റെ ചിത്രമെടുത്ത് ഓണ്‍ലൈന്‍ ചാറ്റ് ഫോറങ്ങളില്‍ പങ്കുവെച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ ചിഹ്നങ്ങളുടെ അര്‍ത്ഥം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് വിദ്യാര്‍ഥിയുടെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.