അടിസ്ഥാന ശമ്പളം ഉറപ്പ്: പ്രതികാര നടപടികളില്ല; 47 ദിവസത്തെ കണ്ണൂര്‍ നഴ്സസ് സമരം ഒത്തുതീര്‍പ്പിലേക്ക്

അടിസ്ഥാന ശമ്പളം ഉറപ്പ്: പ്രതികാര നടപടികളില്ല; 47 ദിവസത്തെ കണ്ണൂര്‍ നഴ്സസ് സമരം ഒത്തുതീര്‍പ്പിലേക്ക്

കണ്ണൂര്‍: ജില്ലയില്‍ നഴ്‌സുമാര്‍ നടത്തിവന്ന ദീര്‍ഘനാളത്തെ സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. അടിസ്ഥാന വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പ്രധാന ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ചതായി ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ജില്ലാ ലേബര്‍ ഓഫീസില്‍ മാനേജ്മെന്റ് പ്രതിനിധികളും അസോസിയേഷന്‍ നേതാക്കളും തമ്മില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയായത്.

തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി മാനേജ്മെന്റ് രണ്ട് ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്. ഇതുപ്രകാരം വരും ദിവസങ്ങളില്‍ സമരം തുടരുമെങ്കിലും ശനിയാഴ്ചയോടെ ഔദ്യോഗിക കരാറില്‍ ഇരു വിഭാഗവും ഒപ്പുവെക്കുന്നതോടെ സമരം പൂര്‍ണമായി പിന്‍വലിക്കും. സമരം ചെയ്ത ജീവനക്കാര്‍ക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതായി ഐ.എന്‍.എ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ശിഹാബ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ ആറ് പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ 47 ദിവസമായി തുടരുന്ന നഴ്‌സുമാരുടെ സമരം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്. മാനേജ്മെന്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ട രണ്ട് ദിവസത്തെ സാവകാശം തങ്ങളുടെ ആവശ്യങ്ങളോടുള്ള അനുകൂല സമീപനമായാണ് കാണുന്നതെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ലേബര്‍ ഓഫീസിന് പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിന് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഐ.എന്‍.എ സംസ്ഥാന പ്രസിഡന്റ് സിമി ചെറിയാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, സമര സഹായ സമിതി ചെയര്‍മാന്‍ അഡ്വ. റഷീദ് കവ്വായി, അഡ്വ. അജയ് കുമാര്‍, അനുപമ ഇ.കെ, സോഫിയ അബ്രഹാം, മുക്ത, ടെജിമോള്‍, ബിജോഷ് എന്നിവരാണ് നഴ്‌സുമാരുടെ ഭാഗത്ത് നിന്നും ചര്‍ച്ചകളില്‍ പങ്കെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.