വിശ്വാസത്തിന്റെ കടൽ സ്മാരകം: രക്തസാക്ഷിത്വം വരിച്ച 40 ജെസ്യൂട്ട് മിഷനറിമാരുടെ ഓർമ്മയ്ക്കായി ഒരു അണ്ടർവാട്ടർ സ്മാരകം

വിശ്വാസത്തിന്റെ കടൽ സ്മാരകം: രക്തസാക്ഷിത്വം വരിച്ച 40 ജെസ്യൂട്ട് മിഷനറിമാരുടെ ഓർമ്മയ്ക്കായി ഒരു അണ്ടർവാട്ടർ സ്മാരകം

കാനറി ദ്വീപ്: ക്രിസ്തു വിശ്വാസത്തെപ്രതി ജീവൻ ബലികഴിച്ച 40 യുവ മിഷനറിമാരുടെ ഓർമ്മയ്ക്കായി കടലിനടിയിൽ നിർമ്മിച്ച വിസ്മയകരമായ സ്മാരകം വിശ്വാസികളുടെ ശ്രദ്ധയാകർഷിക്കുന്നു. കാനറി ദ്വീപിന് സമീപം സമുദ്രനിരപ്പിൽ നിന്നും 20 മീറ്റർ ആഴത്തിൽ സ്ഥാപിച്ചിരിക്കുന്ന 40 ശിലാകുരിശുകളാണ് ഈ ധീരരായ രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്നത്.

1570 ലാണ് കത്തോലിക്കാ സഭയെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം നടക്കുന്നത്. ലബനോനിൽ നിന്ന് ബ്രസീലിലേക്ക് മിഷനറി പ്രവർത്തനങ്ങൾക്കായി യാത്ര തിരിച്ചതായിരുന്നു ഫാ. ഇഗ്നാസിയോ ഡി അസെവേഡോയും സംഘവും. രണ്ട് വൈദികരും 23 നോവീസുമാരും ഏഴ് വിദ്യാർത്ഥികളും 2 സഹായികളും അടങ്ങുന്ന ഈ സംഘത്തിലെ ഭൂരിഭാഗം പേരും 15-നും 30-നും ഇടയിൽ പ്രായമുള്ളവരായിരുന്നു.

യാത്രയ്ക്കിടയിൽ കാനറി ദ്വീപിൽ എത്തിയപ്പോൾ ക്രൈസ്തവ വിരുദ്ധരുടെ ആക്രമണത്തിന് തങ്ങൾ ഇരയാകുമെന്ന് ഫാ. ഇഗ്നാസിയോക്ക് മുൻകൂട്ടി തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. തന്റെ സഹയാത്രികരായ യുവാക്കളോട് വിശ്വാസത്തിനായി ജീവൻ നൽകാൻ തയ്യാറാണോ എന്ന് അദ്ദേഹം ചോദിച്ചു. ഏവരും ധീരമായി ആ വെല്ലുവിളി ഏറ്റെടുത്തു.

യാത്രാമധ്യേ ആക്രമികൾ ഇവരുടെ കപ്പൽ വളയുകയും മിഷനറിമാരെ ക്രൂരമായി കൊലപ്പെടുത്തി കടലിലേക്ക് എറിയുകയും ചെയ്തു. "ഞാൻ വിശുദ്ധ കത്തോലിക്കാ സഭയ്ക്കു വേണ്ടിയാണ് മരിക്കുന്നത്, സ്വർഗ്ഗത്തിൽ ഞാൻ നിങ്ങൾക്കായി കാത്തിരിക്കും" എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഫാ. ഇഗ്നാസിയോയും സംഘവും രക്തസാക്ഷിത്വം വരിച്ചത്.

1999 ൽ കൗൺസിൽ ഓഫ് ലാ പാൽമയും വിവിധ സംഘടനകളും ചേർന്നാണ് രക്തസാക്ഷികൾ കൊല്ലപ്പെട്ട അതേ സ്ഥലത്ത് കടലിനടിയിൽ 40 ശിലാകുരിശുകൾ സ്ഥാപിച്ചത്. ഇന്ന് അണ്ടർവാട്ടർ ഫോട്ടോഗ്രാഫർമാരുടെയും സഞ്ചാരികളുടെയും പ്രധാന കേന്ദ്രമാണ് ഈ സ്മാരകം.

2014 ൽ ഈ ധീരരായ മിഷനറിമാരോടുള്ള ആദരസൂചകമായി തീരപ്രദേശത്ത് 13 അടി ഉയരമുള്ള മറ്റൊരു കുരിശും സ്ഥാപിക്കുകയുണ്ടായി. ബ്രസീലിലെ രക്തസാക്ഷികൾ എന്ന് അറിയപ്പെടുന്ന ഇവരുടെ വിശ്വാസതീക്ഷ്ണത ഇന്നും ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ പ്രചോദനമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.