സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

പത്തനംതിട്ടയിൽ മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പമ്പാ ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലർട്ടുള്ളത്. കക്കയം ഡാം തുറന്നതിനെ തുടർന്ന് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൂഴിയാർ ഡാമിലെ ജലനിരപ്പ് 190 മീറ്ററിലെത്തിയാൽ ഡാം തുറന്നുവിടാൻ നിർദേശമുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാക്കിയിരിക്കുന്നത്.

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്താകെ 273 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നിലവിൽ വിവിധ ക്യാമ്പുകളിലായി 7,674 പേരാണ് കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതികളിൽ 11 മരണം സ്ഥിരീകരിച്ചു. കൂടാതെ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.