പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ: 2021 മുതൽ ചിലവഴിച്ചത് 558 കോടിയിലധികം രൂപ; കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ: 2021 മുതൽ ചിലവഴിച്ചത് 558 കോടിയിലധികം രൂപ; കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: 2021 മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ സന്ദർശനങ്ങൾക്കായി കേന്ദ്രസർക്കാർ 558.01 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം. രാജ്യസഭയിൽ ഡോ. വി. ശിവദാസൻ, സഞ്ജയ് സിങ് എന്നിവരുടെ ചോദ്യങ്ങൾക്ക് വിദേശ സഹമന്ത്രി പബിത്ര മാർഗരീറ്റയാണ് കണക്കുകൾ വ്യക്തമാക്കിയത്.

2026-ൽ ഇതുവരെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾക്കായി 74.59 കോടി രൂപയാണ് ചെലവായത്. മലേഷ്യ, ഇസ്രയേൽ, നോർവേ, ന്യൂസിലൻഡ് എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങളാണ് ഈ വർഷം ഇതുവരെ നടന്നത്. ഇതിൽ ഏറ്റവും കൂടുതൽ ചിലവ് വന്നത് നോർവേ സന്ദർശനത്തിനാണ് (₹17.47 കോടി).

ഇസ്രയേൽ സന്ദർശനത്തിന് 11.92 കോടി രൂപയും സീഷെൽസ് സന്ദർശനത്തിന് 8.22 കോടി രൂപയും ചിലവായി. ഫ്രാൻസ് സന്ദർശനത്തിന്റെ ചെലവ് കണക്കാക്കിവരികയാണെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പണം വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 2025-ലാണ്. ആ വർഷം മാത്രം 187.83 കോടി രൂപയാണ് ചെലവായത്. 2024-ൽ 110.01 കോടി രൂപയും വിദേശ യാത്രകൾക്കായി വിനിയോഗിച്ചു.
2021 മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി ആകെ 79 രാജ്യങ്ങളാണ് സന്ദർശിച്ചത്. 2021-ൽ നാല് രാജ്യങ്ങളും, 2022-ൽ 10 രാജ്യങ്ങളും, 2023-ൽ 11 രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു. 2024-ൽ ഇത് 18 ആയി ഉയർന്നു. 2025-ൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ (23 എണ്ണം) സന്ദർശനം നടത്തിയ പ്രധാനമന്ത്രി 2026-ൽ ഓഗസ്റ്റ് വരെ 13 രാജ്യങ്ങളാണ് സന്ദർശിച്ചത്.

പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വ്യാപാര-നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിനും വലിയ പങ്കുവഹിച്ചതായി വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയ്ക്ക് ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപം 381.8 ബില്യൺ അമേരിക്കൻ ഡോളറാണെന്നും പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഒപ്പുവെച്ച ധാരണാപത്രങ്ങളും കരാറുകളും ഇതിന് അനുകൂല സാഹചര്യം ഒരുക്കിയതായും സർക്കാർ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.