വത്തിക്കാൻ സിറ്റി: 2027 ജനുവരി ഒന്നിന് ആചരിക്കുന്ന 60-ാമത് ലോക സമാധാന ദിനത്തിന്റെ പ്രമേയം ലിയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ചു. "സാങ്കേതികവിദ്യയെ നിരായുധമാക്കുക, സമാധാനത്തെ സേവിക്കുക: പ്രതിരോധ ഉത്തരവാദിത്വമായി രാഷ്ട്രീയം" എന്നതാണ് ഈ വർഷത്തെ പ്രമേയം. സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ തിരുസംഘമാണ് ഈ പ്രമേയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാഷ്ട്രീയ രംഗത്ത് ഉത്തരവാദിത്വം വഹിക്കുന്നവർക്ക് വലിയ ധാർമ്മിക ഉത്തരവാദിത്വമുണ്ടെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.
മനുഷ്യന്റെ അന്തസും സമാധാനവും സംരക്ഷിക്കുന്നതിനായി സാങ്കേതികവിദ്യയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തു. പ്രത്യേകിച്ച് സൈനിക തീരുമാനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കടുത്ത ജാഗ്രത പുലർത്തണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഒരു അൽഗോരിതത്തിനും യുദ്ധത്തെ ധാർമ്മികമായി അംഗീകരിക്കാൻ ആക്കാൻ കഴിയില്ലെന്ന ശക്തമായ മുന്നറിയിപ്പും നൽകി.
മനുഷ്യജീവനും രാജ്യങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വവും അപകടത്തിലാക്കുന്ന സാഹചര്യങ്ങളിൽ മനുഷ്യന്റെ ഉത്തരവാദിത്വവും മാനവിക തത്വങ്ങളും സംരക്ഷിക്കുന്ന അന്താരാഷ്ട്ര കരാറുകൾ ആവശ്യമാണെന്നും പാപ്പ ചൂണ്ടിക്കാണിച്ചു.
സാങ്കേതികവിദ്യയെക്കുറിച്ചുള്ള തീരുമാനങ്ങൾ ഒരിക്കലും മനസാക്ഷിയിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും വേർപ്പെടുത്തരുതെന്നും, മനുഷ്യന്റെ വിമർശനാത്മക ചിന്താശേഷിയെ സാങ്കേതികവിദ്യ ദുർബലപ്പെടുത്തുമ്പോൾ സമാധാനം പോലും അപകടത്തിലാകുമെന്നും മുന്നറിയിപ്പ് നൽകി.
സാങ്കേതികവിദ്യയെ നിരായുധമാക്കുകമാത്രം പോരാ സമാധാനം പടുത്തുയർത്തുകയും വേണമെന്നാണ് പാപ്പയുടെ സന്ദേശം. സാങ്കേതികവിദ്യ രൂപകൽപന ചെയ്യുന്നവരും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നവരും സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ മുഴുവൻ മനുഷ്യകുടുംബത്തിനും വേണ്ടിയുള്ള സമാധാനപരമായ ഭാവി കെട്ടിപ്പടുക്കാൻ ആകുകയുള്ളൂവെന്നും മാർപാപ്പ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.