ഹെയ്തിയിൽ ക്രൈസ്തവർക്ക് നേരെ ക്രൂരമായ സായുധ ആക്രമണം; അഞ്ച് കുട്ടികൾ ഉൾപ്പെടെ 47 പേർ കൊല്ലപ്പെട്ടു; ദേവാലയം അഗ്നിക്കിരയാക്കി

ഹെയ്തിയിൽ ക്രൈസ്തവർക്ക് നേരെ ക്രൂരമായ സായുധ ആക്രമണം; അഞ്ച് കുട്ടികൾ ഉൾപ്പെടെ 47 പേർ കൊല്ലപ്പെട്ടു; ദേവാലയം അഗ്നിക്കിരയാക്കി

പോർട്ട് ഓ പ്രിൻസ്: ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിലെ കെൻസ്കോഫ് മേഖലയിൽ ക്രൈസ്തവർക്ക് നേരെ സായുധ സംഘത്തിന്റെ ക്രൂരമായ നരവേട്ട. കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 47 പേർ കൊല്ലപ്പെടുകയും ഒരു ദേവാലയം അക്രമികൾ പൂർണമായി അഗ്നിക്കിരയാക്കുകയും ചെയ്തു.

ആക്രമണത്തെ തുടർന്ന് 50-ലധികം ആളുകളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സുരക്ഷാ സേന തിരിച്ചടിച്ചാൽ ബന്ദികളെ വധിക്കുമെന്ന് സായുധ സംഘത്തിന്റെ തലവൻ ഭീഷണി മുഴക്കിയിട്ടുണ്ട്.

അക്രമങ്ങൾ ഭയന്ന് പള്ളി വളപ്പിൽ അഭയം പ്രാപിച്ച 22 പേരെ അക്രമികൾ നിഷ്കരുണം വധിച്ചതായി ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് സ്ഥിരീകരിച്ചു. കൂടാതെ അക്രമികൾ 25-ഓളം വീടുകൾക്ക് തീയിടുകയും രണ്ട് സർക്കാർ ജീവനക്കാരെ കൊലപ്പെടുത്തുകയും ചെയ്തതായി കെൻസ്കോഫ് മേയർ ഷീൻ മാസിലൺ വ്യക്തമാക്കി.

രാജ്യത്ത് ക്രൈസ്തവ സ്ഥാപനങ്ങൾക്കും വിശ്വാസികൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ വലിയ ആശങ്കയാണ് ഉയരുന്നത്. തിന്മകൾക്കെതിരെ ധീരമായി നിലകൊള്ളുന്ന ആത്മീയ ശബ്ദമാണ് സഭ എന്നതുകൊണ്ടാണ് അക്രമികൾ ബോധപൂർവ്വം ക്രൈസ്തവരെ ലക്ഷ്യമിടുന്നതെന്ന് ജെറെമി രൂപതയുടെ ബിഷപ്പ് ജോസഫ് ഗൊൺട്രാന്റ് ഡീകോസ്റ്റ് പ്രതികരിച്ചു.

തുടർച്ചയായ അതിക്രമങ്ങളെ തുടർന്ന് തലസ്ഥാന നഗരത്തിൽ മാത്രം 40 ഓളം ഇടവകകളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്. ഈ വർഷത്തെ ആദ്യ ഏഴു മാസത്തിനിടെ രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോവുകയും ഒരു സെമിനാരി വിദ്യാർത്ഥി കൊല്ലപ്പെടുകയും ചെയ്തിരുന്നു.

നിലവിൽ രാജ്യത്തെ 15 ലക്ഷത്തോളം ആളുകളാണ് സായുധ സംഘങ്ങളുടെ ആക്രമണത്തെ തുടർന്ന് സ്വന്തം രാജ്യത്ത് തന്നെ ആഭ്യന്തര അഭയാർത്ഥികളായി കഴിയുന്നത്. പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന ഹെയ്തിയിലെ ക്രൈസ്തവ സമൂഹത്തിനായി ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം ഒപ്പമുണ്ടാകണമെന്ന് സഭാ അധികൃതർ അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.