ന്യുഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീം കോടതി. സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ രണ്ടാഴ്ചക്കകം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് നല്‍കേണ്ടത് തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ ബാധ്യതയാണെന്നും സുപ്രിം കോടതി വ്യക്തമാക്കി.
കൂടാതെ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രിം കോടതി മുന്നറിയിപ്പും നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.
അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്നവരുടെ സുരക്ഷ മേല്‍നോട്ടസമിതി കണക്കിലെടുക്കണമെന്ന് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും, ഉപസമിതി കൃത്യമായ ഇടവേളകളില്‍ അണക്കെട്ട് പരിശോധിക്കുന്നുണ്ടെന്നുമായിരുന്നു തമിഴ്നാട് കോടതിയെ അറിയിച്ചിരുന്നത്. അണക്കെട്ട് സുരക്ഷിതമാണെന്നും പ്രളയവും, ഭൂചലനവും അതിജീവിക്കാന്‍ ശേഷിയുണ്ടെന്നും കേന്ദ്ര ജല കമ്മീഷനും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിക്കെതിരെ കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസിമോള്‍ ജോസ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.