തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ നിയമനിര്‍മാണത്തിന് കേരള സര്‍ക്കാര്‍ ഒരുങ്ങുന്നു. കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബില്‍ 2026 മായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ബില്ലിന്റെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.
കേരളത്തിന്റെ മാറി വരുന്ന ജനസംഖ്യാ ഘടനയ്ക്ക് അനുസൃതമായി വയോജന സൗഹൃദപരമായ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് ഈ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വയോജനങ്ങള്‍ക്ക് സ്വന്തം വീടുകളിലും കുടുംബ-സാമൂഹിക അന്തരീക്ഷത്തിലും അന്തസോടെയും ആരോഗ്യത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ആവശ്യമായ ഘട്ടങ്ങളില്‍ കൃത്യവും സുരക്ഷിതവുമായ പരിചരണം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ഇതിന്റെ ഭാഗമായി വയോജന പരിചരണ കേന്ദ്രങ്ങള്‍, അസിസ്റ്റന്‍ഡ് ലിവിങ് സൗകര്യങ്ങള്‍, പകല്‍ വീടുകള്‍, ഹോം കെയര്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഗുണനിലവാരവും ഉത്തരവാദിത്തവും ഉറപ്പാക്കും.
കെയര്‍ഗിവിങ് മേഖലയെ ശാസ്ത്രീയവും പ്രൊഫഷണലുമായ സംവിധാനമായി മാറ്റുക എന്നത് നിര്‍ദിഷ്ട ബില്ലിന്റെ പ്രധാന സവിശേഷതയാണ്. ഇതിനായി കേരള ജെറിയാട്രിക് കെയര്‍ സര്‍ട്ടിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് രൂപീകരിക്കുകയും കെയര്‍ഗിവര്‍മാര്‍ക്ക് വിദഗ്ധ പരിശീലനവും സര്‍ട്ടിഫിക്കേഷനും പശ്ചാത്തല പരിശോധനയും ഉറപ്പാക്കി സംസ്ഥാനതല രജിസ്റ്റര്‍ തയ്യാറാക്കുകയും ചെയ്യും. ഇത് വയോജന പരിചരണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം പരിശീലനം ലഭിച്ച വലിയൊരു തൊഴില്‍ സേനയെ സൃഷ്ടിക്കാനും പുതിയ തൊഴിലവസരങ്ങള്‍ തുറക്കാനും വഴിതെളിക്കും.
വയോജനങ്ങളുടെ ആവശ്യങ്ങളെ പുതിയ സാമ്പത്തിക-തൊഴില്‍ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന സില്‍വര്‍ ഇക്കോണമി വികസനത്തിനും പുതിയ നിയമം ഊന്നല്‍ നല്‍കുന്നുണ്ട്. വയോജന സൗഹൃദ ഉല്‍പ്പന്നങ്ങള്‍, നവീന സാങ്കേതിക വിദ്യകള്‍, ഹോം കെയര്‍, ആരോഗ്യ പരിചരണം എന്നിവ പ്രോത്സാഹിപ്പിച്ച് സുസ്ഥിരമായ ഒരു വയോജന പരിചരണ മേഖല കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പിനും പരാതി പരിഹാരത്തിനുമായി സംസ്ഥാന-ജില്ലാതലങ്ങളില്‍ പ്രത്യേകം ഭരണ സംവിധാനങ്ങള്‍ നിലവില്‍ വരും. ഇതുകൂടാതെ മുതിര്‍ന്ന പൗരന്മാരുടെ ഡിജിറ്റല്‍-സാമ്പത്തിക സുരക്ഷയ്ക്കും പ്രത്യേക സംരക്ഷണം ആവശ്യമുള്ളവര്‍ക്കുള്ള പിന്തുണയ്ക്കുമായി കര്‍ശന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയോജന സമൂഹത്തിന്റെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനൊപ്പം ഈ മേഖലയിലെ നവീന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭാവി സജ്ജമായ ഒരു പൊതുസമൂഹത്തെ വാര്‍ത്തെടുക്കാനാണ് കേരളം തയ്യാറെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.