കോവിഷീൽഡ് വാക്സിൻ: 10 കോടി കൂടി വാങ്ങുന്നു

കോവിഷീൽഡ് വാക്സിൻ: 10 കോടി കൂടി വാങ്ങുന്നു

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് 30 ലക്ഷം കടന്നതിനു പിന്നാലെ 10 കോടി കോവിഷീൽഡ് വാക്സിനുകൾ കേന്ദ്ര സർക്കാർ വാങ്ങുന്നു. നേരത്തെ, ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ വാക്സിൻ ലഭ്യമാക്കാൻ ഉൽപാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടു.

അതേസമയം രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം മൂന്നരക്കോടിയോട് അടുക്കുന്നു. തിങ്കളാഴ്ച മാത്രം 30 ലക്ഷം പേർക്കു വാക്സിൻ നൽകി. പ്രതിദിന കണക്കിലെ റെക്കോർഡാണിത്. 15 ദിവസത്തിനിടെ 60 വയസിന് മുകളിലുള്ള ഒരു കോടി പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയ കരാർ അനുസരിച്ചു ജിഎസ്ടി അടക്കം ഡോസ് ഒന്നിന് 157.50 രൂപയാണ് വില. ആദ്യ ഓർഡർ ഡോസ് ഒന്നിന് 200 രൂപ എന്ന നിലയിലായിരുന്നു. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു ബജറ്റ് വിഹിതമായി ലഭിച്ച തുക ഉപയോഗപ്പെടുത്തി പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡാണ് വാക്സിൻ വാങ്ങുക. ആദ്യ ഘട്ടത്തിൽ പിഎം കെയർ പദ്ധതി വഴിയാണ് വാക്സിൻ വാങ്ങിയിരുന്നത്

 അതേസമയം 12 വയസിൽ താഴെയുള്ള കുട്ടികളിൽ വാക്സിൻ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധിക്കാനുള്ള ട്രയൽ നടപടികളിലേക്ക് മൊഡേണ  വാക്സിൻ കടന്നു. ആറുമുതൽ പന്ത്രണ്ട് വയസുവരെയുള്ള 6750 കുട്ടികളിലാണ് പരീക്ഷണം. യുഎസിലും കാനഡയിലുമായി ട്രയലിന്റെ രണ്ടും മൂന്നും ഘട്ടം നടക്കുമെന്ന് കമ്പനി വ്യക്തമാക്കി. 

നേരത്തെ, 12നും 18നും ഇടയിൽ പ്രായമുള്ളവരിൽ വാക്സിൻ പരീക്ഷിച്ചിരുന്നു. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് എന്ന രീതിയിലാണ് മൊഡേണ വാക്സിൻ നൽകുക. മുതിർന്നവരിൽ 95% ഫലപ്രാപ്തി രേഖപ്പെടുത്തിയ വാക്സിൻ ഒട്ടേറെ രാജ്യങ്ങളിൽ കുത്തിവയ്പു തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.