സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടവാങ്ങിയത് ബഹുമുഖ പ്രതിഭയായ സാംസ്‌കാരിക നായകന്‍

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടവാങ്ങിയത് ബഹുമുഖ പ്രതിഭയായ സാംസ്‌കാരിക നായകന്‍

തിരുവനന്തപുരം: പ്രമുഖ സാംസ്‌കാരിക-നാടക പ്രവര്‍ത്തകനും സാംസ്‌കാരിക കൂട്ടായ്മയായ സൂര്യയുടെ അമരക്കാരനുമായ സൂര്യ കൃഷ്ണമൂര്‍ത്തി (75) അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. ഈ വര്‍ഷത്തെ സൂര്യ ഫെസ്റ്റിവല്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് അദേഹത്തിന്റെ വിയോഗം സംഭവിച്ചത്.

നാടക രചയിതാവ്, സാംസ്‌കാരിക നായകന്‍, കലാ സംഘാടകന്‍ തുടങ്ങി വിവിധ മേഖലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അദേഹം കേരള സംഗീത നാടക അക്കാദമിയുടെ മുന്‍ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടറായി മൂന്ന് തവണ പ്രവര്‍ത്തിക്കാനും അദേഹത്തിന് സാധിച്ചു. കലാ-സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയില്‍ മുതിര്‍ന്ന ശാസ്ത്രജ്ഞനായും അദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മേല്‍വിലാസം, എന്റെ രക്ഷകന്‍, ആറ് നാടകങ്ങള്‍ അടങ്ങിയ ചായക്കടക്കഥകള്‍ എന്നി പരമ്പരകളാണ് അദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. ഇതില്‍ മേല്‍വിലാസം പിന്നീട് ചലച്ചിത്രമായപ്പോള്‍ അതിനായി തിരക്കഥ തയ്യാറാക്കിയതും സൂര്യ കൃഷ്ണമൂര്‍ത്തി തന്നെയാണ്. ദൂരദര്‍ശനു വേണ്ടി ചായക്കടക്കഥകള്‍ ടെലിഫിലിമുകളാക്കി സംവിധാനം ചെയ്തതും അദേഹമായിരുന്നു. കലാ-സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 2023 ല്‍ കേരള സര്‍ക്കാര്‍ അദേഹത്തിന് സംസ്ഥാനത്തെ പ്രമുഖ സിവിലിയന്‍ ബഹുമതിയായ കേരളപ്രഭ നല്‍കി ആദരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.