നേപ്പാളില്‍ വീണ്ടും ഹിമപാതം: പത്ത് പേരെ കാണാതായി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

നേപ്പാളില്‍ വീണ്ടും ഹിമപാതം: പത്ത് പേരെ കാണാതായി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

കാഠ്മണ്ഡു: നേപ്പാളിലെ മനാങ് ജില്ലയില്‍ ഇന്നുണ്ടായ ഹിമപാതത്തില്‍ 10 പേരെ കാണാതായി. 7,126 മീറ്റര്‍ ഉയരമുള്ള ഹിംലങ് ഹിമാല്‍ പര്‍വതത്തിന്റെ ബേസ് ക്യാമ്പിലുണ്ടായിരുന്ന ആളുകളെയാണ് കാണാതായത്. കാണാതായവരില്‍ വിവിധ ഏജന്‍സികളില്‍ നിന്നുള്ള പര്‍വതാരോഹകരും ഉള്‍പ്പെടുന്നു.

ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂരിഭാഗം പര്‍വതാരോഹകരും പിന്മാറിയെങ്കിലും ചിലര്‍ ബേസ് ക്യാമ്പില്‍ തന്നെ തങ്ങുകയായിരുന്നു.

പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര, പര്‍വതാരോഹണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തി വെക്കാന്‍ നേപ്പാള്‍ ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് നേപ്പാള്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ റാം കൃഷ്ണ ലാമിച്ചാനെ അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് രൂപന്ദേഹി ജില്ലയിലെ തിനൗ നദി കവിഞ്ഞൊഴുകി. ബുട്വാളില്‍ ആറ് വീടുകള്‍ ഒലിച്ചു പോകുകയും ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. നദീതീരങ്ങളില്‍ നിന്ന് ആയിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.

ചിറ്റ്വാന്‍ ജില്ലയില്‍ നാരായണി, റിയു നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്. കര്‍ണാലി മേഖലയില്‍ തുളി ഭേരി, കര്‍ണാലി നദികളിലെ ജലനിരപ്പ് ഉയരുന്നത് പ്രളയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. നാല് ദിവസമായി തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്ചയും രാജ്യത്തുടനീളം വീണ്ടും പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമായിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 26 നുണ്ടായ പ്രളയ ദുരന്തത്തില്‍നിന്ന് നേപ്പാള്‍ ഇനിയും പൂര്‍ണമായി മുക്തമായിട്ടില്ല. നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് ദുരന്തത്തില്‍ 1,453 പേര്‍ മരണപ്പെടുകയും 5,285 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.