വാഴ്സോ: തിന്മയ്ക്ക് പകരം സ്നേഹവും കരുണയും കൊണ്ട് മറുപടി നൽകി ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉജ്ജ്വല മാതൃകയായി പോളണ്ടിലെ ബെനഡിക്റ്റൈൻ ആശ്രമം. ആശ്രമത്തിൽ നടന്ന ദാരുണമായ കത്തി ആക്രമണത്തിൽ പരിക്കേറ്റ വൈദികൻ അക്രമിയോട് പൂർണമായി ക്ഷമിക്കുന്നതായി പ്രഖ്യാപിച്ചു. അക്രമിയുടെ മാനസാന്തരണത്തിനായി പ്രാർത്ഥിക്കാൻ അദേഹം വിശ്വാസിസമൂഹത്തോടും ആഹ്വാനം ചെയ്തു.
സെപ്റ്റംബർ 24 ന് പോളണ്ടിലെ ഒരു ബെനഡിക്ടൈൻ ആശ്രമത്തിലുണ്ടായ കത്തിയാക്രമണത്തിൽ ആശ്രമത്തിന്റെ റെക്ടറായ ഫാ. സ്റ്റാനിസ്വാഫ് സ്ബോയ്നോവിച്ച് കൊല്ലപ്പെടുകയും ഫാ. അഡ്രിയാൻ മന്തികിയേവിച്ച് ഫാ. മാരെക് പിയെൻസ്കോവ്സ്കി എന്നിവരുൾപ്പെടെ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഫാ. സ്റ്റാനിസ്വാഫ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന് ശേഷം നടന്ന ആദ്യ ദിവ്യബലിക്കിടെ നൽകിയ സന്ദേശത്തിലാണ് തലയിൽ മുറിവുകളോടെയും മുഖത്ത് വീക്കത്തോടെയും ഫാ. അഡ്രിയാൻ തന്റെ ക്ഷമയുടെ സാക്ഷ്യം പങ്കുവച്ചത്.
“യേശുക്രിസ്തുവിന്റെ ശിഷ്യൻ എന്ന നിലയിൽ, കൊല്ലപ്പെട്ട ഫാ. സ്റ്റാനിസ്വാഫിന്റെയും പരിക്കേറ്റ ഫാ. മാരെക്കിന്റെയും എന്റെയും പേരിൽ ഞാൻ വ്യക്തമായി പറയുന്നു: ഞങ്ങൾ അക്രമിയോട് പൂർണ്ണമായി ക്ഷമിച്ചിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
അക്രമിക്കുവേണ്ടിയും അദ്ദേഹത്തിന് ദൈവകൃപ ലഭിക്കാനും മാനസാന്തരം ഉണ്ടാകാനുമായി പ്രാർഥിക്കണമെന്നും ഫാ. അഡ്രിയാൻ വിശ്വാസികളോട് അഭ്യർഥിച്ചു. “ഈ വാക്കുകൾ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നാണ് ഞാൻ പറയുന്നത്. ഈ പ്രാർഥന ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് അദ്ദേഹമാണ്,” അദേഹം കൂട്ടിച്ചേർത്തു.
അക്രമിയുടെ മാതൃരാജ്യത്തെയോ വംശത്തെയോ സമൂഹത്തെയോ സംഭവത്തിന്റെ പേരിൽ കുറ്റപ്പെടുത്തരുതെന്നും വൈദികൻ ആഹ്വാനം ചെയ്തു. തിന്മ ചെയ്തത് ഒരു വ്യക്തിയാണെന്നും അതിന്റെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്തരുതെന്നും ഓർമ്മിപ്പിച്ചു.
അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് നടത്തിയ വിലയിരുത്തലിൽ അക്രമിക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നം ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ട ഫാ. സ്റ്റാനിസ്വാഫിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. പരിക്കേറ്റ ഫാ. മാരെക് ഉൾപ്പെടെയുള്ളവർ ചികിത്സയിൽ തുടരുകയാണ്.
“തിന്മയ്ക്ക് പകരം തിന്മ ചെയ്യരുത്; സ്നേഹത്തിലും കരുണയിലും പ്രാർഥനയിലും ഉറച്ചുനിൽക്കുക” എന്ന ക്രൈസ്തവ സന്ദേശമാണ് ഈ ദുരന്തത്തിനിടയിലും ഫാ. അഡ്രിയാന്റെ വാക്കുകൾ വിശ്വാസികൾക്ക് മുന്നിൽ ഉയർത്തുന്നത്. അക്രമത്തിന്റെയും വേദനയുടെയും നടുവിൽ പോലും ക്ഷമ തിരഞ്ഞെടുക്കുന്നതിലൂടെ ക്രിസ്തുവിന്റെ സ്നേഹത്തിന് സാക്ഷികളാകാൻ അദേഹം വിശ്വാസികളെ ക്ഷണിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.