വത്തിക്കാൻ സിറ്റി: ക്രിസ്തീയമായ ആനന്ദം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ളതാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. തെറ്റിദ്ധാരണകൾക്ക് ഇടയായേക്കാമെങ്കിൽപോലും അത് എവിടെയും എല്ലായ്പ്പോഴും പങ്കുവയ്ക്കാനും പ്രഘോഷിക്കാനും നമ്മെ നിർബന്ധിക്കുന്നുവെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാർഥനയ്ക്ക് ഒരുക്കമായി നൽകിയ വചന സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്.
വിവാഹ വിരുന്നിനെക്കുറിച്ചുള്ള യേശുവിൻ്റെ ഉപമയെ ( മത്തായി 22:1-14) അടിസ്ഥാനമാക്കിയാണ് പാപ്പാ വിചിന്തനങ്ങൾ നൽകിയത്. 'നന്മ അതിൻ്റെ സ്വഭാവത്താൽ തന്നെ വ്യാപിക്കാൻ പ്രവണത കാണിക്കുന്നു' എന്ന വിശുദ്ധ തോമസ് അക്വീനാസിൻ്റെ വാക്കുകൾ പാപ്പാ തൻ്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.
ഉപമയിലെ രാജാവിനെപ്പോലെ നാമും നമ്മുടെ സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. എങ്കിലും രാജാവിൻ്റെ സന്തോഷത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല എന്ന് യേശു ഉപമയിലൂടെ ചൂണ്ടിക്കാണിക്കുന്നു. വിരുന്നിൽ പങ്കുചേരുന്നതിനു പകരം വിളിക്കപ്പെട്ടവർ പിന്മാറുകയും തങ്ങളുടെതായ കാര്യങ്ങളിലേക്ക് മടങ്ങാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ചിലരാകട്ടെ, പ്രകോപിതരാവുകയും രാജാവിൻ്റെ ഭൃത്യരെ അപമാനിക്കുകയും കൊല്ലുകയും പോലും ചെയ്യുന്നു.
നിർഭാഗ്യവശാൽ, നമുക്കും ഇപ്രകാരം സംഭവിക്കാവുന്നതാണ്. കാരണം നാം ചെയ്യുന്ന നന്മ എല്ലായ്പ്പോഴും മനസ്സിലാക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ വിലമതിക്കപ്പെടുകയോ ചെയ്യുന്നില്ല. എങ്കിലും, തിരസ്കരണങ്ങൾ നേരിടുമ്പോൾ നിരുത്സാഹപ്പെടാൻ പാടില്ല. മറിച്ച്, രാജാവിനെപ്പോലെ നമ്മുടെ പദ്ധതികളുമായി മുന്നോട്ടു പോവുകയും നമ്മുടെ സന്തോഷത്തിൽ പങ്കുചേരാൻ മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യണം - ലിയോ പാപ്പാ പറഞ്ഞു.
ഈ ഉപമയിലെ പ്രധാന കഥാപാത്രങ്ങൾ ആരെയാണ് പ്രതിനിധീകരിക്കുന്നതെന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബൈബിൾ പണ്ഡിതനായ വിശുദ്ധ ജെറോം രാജാവിനെ സ്വർഗ്ഗസ്ഥനായ പിതാവായും മണവാളനെ യേശുവായും മണവാട്ടിയെ തിരുസഭയായും ചിത്രീകരിക്കുന്നു. തിരുസഭയുടെ അംഗങ്ങൾ എന്ന നിലയിൽ നാമും ഈ ഉപമയിൽ ഉൾചേർക്കപ്പെട്ടിരിക്കുന്നു. കാരണം, നമ്മുടെ ജീവിതങ്ങൾ യേശുവിനോടൊപ്പം പങ്കിടാനും അവിടത്തെ ജീവൻ മറ്റുള്ളവർക്ക് നൽകാനുമാണ് കർത്താവിനാൽ നാം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
അതിനാൽ, വിവാഹ വിരുന്ന് നമ്മുടേതും വിരുന്നുശാല നമ്മുടെ ദൈവാലയങ്ങളും വീടുകളും നാം ജീവിക്കുന്ന ഇടങ്ങളുമാണ്. അവിടെയാണ്, രാജകുമാരനായ യേശുക്രിസ്തു അവിടത്തെ സ്നേഹം നമ്മോട് വീണ്ടും പ്രഖ്യാപിക്കുന്നതും നമ്മുടെ സമ്മതത്തിനായി കാത്തിരിക്കുന്നതും - പാപ്പാ വിശദീകരിച്ചു.
ക്രിസ്തീയ സന്തോഷം എന്നത് കൃത്രിമമായ ഒന്നല്ല മറിച്ച്, ആഴമുള്ളതും വ്യക്തവും യഥാർത്ഥവുമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ലോകത്തിൻ്റെ രക്ഷയ്ക്കായി ദൈവം നൽകിയ ഒരു ദാനമാണ് അത്. നാം കണ്ടുമുട്ടുന്നവരുടെ മുഖങ്ങൾപോലെ അത് മനോഹരമാണ്. നമ്മുടെ ദിനങ്ങൾ സമ്പന്നമാക്കുന്ന അനുദിന കർത്തവ്യങ്ങൾ, പുഞ്ചിരികൾ, ഹസ്തദാനങ്ങൾ, കണ്ണീർകണങ്ങൾ, കാരുണ്യപ്രവൃത്തികൾ എന്നിവ പോലെ ആത്മാർത്ഥവുമാണ്.
'അതുകൊണ്ട്, ഈ സന്തോഷത്തിൽ നമുക്ക് വളരാം. ഇത് മനസ്സിലാക്കപ്പെടാത്ത ഇടങ്ങളിൽപോലും ഉദാരമനസ്കതയോടും ധൈര്യത്തോടും വിശ്വാസത്തോടും കൂടെ എപ്പോഴും എവിടെയും ഇത് പ്രഘോഷിക്കാൻ സഹായിക്കണമേ എന്ന് കർത്താവിൻ്റെ അമ്മയായ പരിശുദ്ധ മറിയത്തോട് നമുക്ക് പ്രാർത്ഥിക്കാം' - ഈ വാക്കുകളോടെ ലിയോ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.