തിരുവനന്തപുരം: സംസ്ഥാനത്ത് റെയില്‍വേ ഗതാഗതത്തെ ബാധിച്ച രണ്ട് പ്രധാന സംഭവങ്ങളില്‍ പാറശാലയില്‍ ട്രാക്കില്‍ മണ്ണിടിച്ചിലുണ്ടായി ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി. ബിലാസ്പൂര്‍-തിരുനെല്‍വേലി എക്സ്പ്രസ് കടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 3:30 ഓടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ലോക്കോ പൈലറ്റിന്റെ സമയോചിതവും ജാഗ്രതയോടെയുമുള്ള ഇടപെടല്‍ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്. ഈ അപകടത്തെത്തുടര്‍ന്ന് നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകള്‍ വൈകിയോടുകയാണ്.
അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത്-നാഗര്‍കോവില്‍ ജംഗ്ഷന്‍ പാസഞ്ചര്‍, നാഗര്‍കോവില്‍ ജംഗ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍, നാഗര്‍കോവില്‍ ജംഗ്ഷന്‍-കൊല്ലം ജംഗ്ഷന്‍ പാസഞ്ചര്‍, കൊല്ലം ജംഗ്ഷന്‍-നാഗര്‍കോവില്‍ ജംഗ്ഷന്‍ പാസഞ്ചര്‍ തുടങ്ങിയ നിരവധി പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ താംബരം-തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍, മധുര-പുനലൂര്‍ എക്സ്പ്രസ്, താംബരം- തിരുവനന്തപുരം സെന്‍ട്രല്‍ അമൃത് ഭാരത് എക്സ്പ്രസ് തുടങ്ങിയവ വിവിധയിടങ്ങളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്, കന്യാകുമാരി-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ്, നാഗര്‍കോവില്‍ ജംഗ്ഷന്‍-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍, പൂനെ-കന്യാകുമാരി എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളും വൈകിയാണ് പുറപ്പെടുന്നത്.
മറ്റൊരു സംഭവത്തില്‍ മാന്നനൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ കോണ്‍ക്രീറ്റും ഇരുമ്പു കഷ്ണങ്ങളും കയറ്റിവെച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സെന്‍ട്രല്‍-താംബരം എക്സ്പ്രസ് കടന്നുപോകേണ്ട പാതയിലാണ് ഈ അട്ടിമറി ശ്രമം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ മാന്നനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കണ്ണൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് കടന്നുപോകുന്ന സമയത്താണ് എതിര്‍ദിശയിലെ പാളത്തില്‍ അപകടാവസ്ഥ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍തന്നെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ ജീവനക്കാരെത്തി വലിയ കോണ്‍ക്രീറ്റ് സ്ലാബും റെയില്‍പ്പാളത്തിന്റെ കഷ്ണങ്ങളും എടുത്തുമാറ്റുകയായിരുന്നു. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ പൊലീസും റെയില്‍വേ സുരക്ഷാസേനയും നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ ബിഹാര്‍ കത്തിഹാര്‍ ജില്ല സ്വദേശിയായ ഷുക്ലാല്‍ മറയ്യയെ (24) അറസ്റ്റ് ചെയ്തു. ട്രെയിന്‍ മറിയുമെന്ന് അറിയാമെന്നും ജോലിയൊന്നും ലഭിക്കാത്തതിനാല്‍ സമൂഹത്തോടുള്ള ദേഷ്യമാണ് കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംസ്ഥാനത്ത് അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടായ ഈ രണ്ട് റെയില്‍വേ സുരക്ഷാ വീഴ്ച ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.