കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ വെബ് പോര്‍ട്ടലില്‍ ഗുരുതര ഡാറ്റ ചോര്‍ച്ച; നിരവധി ചിത്രങ്ങളുടെ രേഖകള്‍ പുറത്ത്

കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ വെബ് പോര്‍ട്ടലില്‍ ഗുരുതര ഡാറ്റ ചോര്‍ച്ച; നിരവധി  ചിത്രങ്ങളുടെ രേഖകള്‍ പുറത്ത്

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ (സിബിഎഫ്‌സി) ഗുരുതര സുരക്ഷാ വീഴ്ച. ഇതേ തുടര്‍ന്ന് ഫീച്ചര്‍ ഫിലിമുകള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം സിനിമകളുടെ സര്‍ട്ടിഫിക്കേഷന്‍ രേഖകള്‍ ചോര്‍ന്നു. തിയേറ്റര്‍ റിലീസിനായി അനുമതി തേടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച സ്‌ക്രിപ്റ്റുകള്‍, കട്ട് ഓര്‍ഡറുകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവയാണ് പുറത്തായത്.

സിനിമകളുടെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി ഒരു പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച സിബിഎഫ്‌സിയുടെ 'ഇ-സിനിപ്രമാണ്‍' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് ഈ രേഖകള്‍ ചോര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിര്‍മാതാക്കള്‍ സര്‍ട്ടിഫിക്കേഷനായി രേഖകള്‍ അപ്ലോഡ് ചെയ്യുന്നത് ഈ പോര്‍ട്ടലിലാണ്. നേരത്തെ അപ്ലോഡ് ചെയ്യുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്ത ചില രേഖകള്‍ ഉള്‍പ്പെടെ ദിവസങ്ങളോളം മറ്റുള്ളവര്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ പോര്‍ട്ടലില്‍ തുടര്‍ന്നിരുന്നു.

സിനിമകള്‍ നേരിട്ട് ചോര്‍ന്നിട്ടില്ലെങ്കിലും ചിത്രങ്ങളുടെ ഷൂട്ടിങ് സ്‌ക്രിപ്റ്റുകളും കട്ട് ഓര്‍ഡറുകളും ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ പുറത്തായിട്ടുണ്ട്. ഡിജിറ്റല്‍ ലൈബ്രറിയായ 'ഇന്റര്‍നെറ്റ് ആര്‍ക്കൈവ്' വഴിയാണ് ഇവ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ വിവരങ്ങള്‍ പിന്നീട് നീക്കം ചെയ്തു. സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഇത്തരം സ്‌ക്രിപ്റ്റുകളും സര്‍ട്ടിഫിക്കേഷന്‍ വിവരങ്ങളും പരസ്യമാകുന്നത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വലിയ തിരിച്ചടിയാണ്.

സിനിമകളുടെ വാണിജ്യ വിവരങ്ങളും പുറത്തായിട്ടുണ്ട്. ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ബ്രസീലിയന്‍ ചിത്രം 'ദി സീക്രട്ട് ഏജന്റ്' , ഹോളിവുഡ് ചിത്രം 'ഗുഡ് ലക്ക്, ഹാവ് ഫണ്‍, ഡോണ്ട് ഡൈ' എന്നിവയുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പ്രാദേശിക വിതരണ കരാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇവയില്‍ കുറഞ്ഞത് മൂന്ന് കരാറുകളിലെങ്കിലും ലൈസന്‍സിംഗിനായി നല്‍കിയ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. വരുമാനം പങ്കുവെക്കല്‍, ബൗദ്ധിക സ്വത്തവകാശം, പ്രചാരണ ബാധ്യതകള്‍, നിര്‍മാണ നിബന്ധനകള്‍ തുടങ്ങിയ വാണിജ്യ രഹസ്യങ്ങള്‍ പരസ്യമാകുന്നത് വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള ഭാവി ചര്‍ച്ചകളെയും ബിസിനസിനെയും ദോഷകരമായി ബാധിച്ചേക്കാം.

സുരക്ഷാ വീഴ്ചയില്‍ അന്വേഷണം തുടങ്ങിയതായും പോര്‍ട്ടലിന്റെ സെക്യൂരിറ്റി ഓഡിറ്റ്് നടത്തി വരികയാണെന്നും സിബിഎഫ്‌സി വ്യക്തമാക്കി. വ്യക്തിഗത ചലച്ചിത്ര പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് സിബിഎഫ്‌സി പറയുന്നത്. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും ചോര്‍ച്ചയുടെ പൂര്‍ണമായ വ്യാപ്തി ഇനിയും വ്യക്തമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട അക്കൗണ്ട് നീക്കം ചെയ്തതായും സൈബര്‍ ക്രൈം അധികാരികള്‍ക്ക് പരാതി നല്‍കിയതായും ഇന്റര്‍നെറ്റ് ആര്‍ക്കൈവ് പ്രതികരിച്ചു. കൂടാതെ, സംഭവം സംബന്ധിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.