ഒറോമിയ: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ക്രൈസ്തവർക്കുനേരെയുള്ള സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ രൂക്ഷമാകുന്നു. ഒറോമിയ മേഖലയിലുണ്ടായ നടുക്കുന്ന അക്രമത്തിൽ അഞ്ച് കുഞ്ഞുങ്ങൾ ഉൾപ്പെടെ 60 ക്രൈസ്തവർ കൊല്ലപ്പെട്ടതായി എത്യോപ്യൻ ഓർത്തഡോക്സ് ടെവാഹെഡോ സഭയുടെ ഹോളി സിനോഡ് അറിയിച്ചു. ക്രൈസ്തവ സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സഭ ലോകത്തെ അറിയിച്ചത്.
ഒക്ടോബർ മാസത്തിൽ രണ്ട് വ്യത്യസ്ത ദിവസങ്ങളിലായാണ് ക്രൂരമായ കൂട്ടക്കൊല അരേങ്ങറിയത്. ഒക്ടോബർ 20-ന് മെർട്ടി വൊറെഡയിൽ സായുധ സംഘം നടത്തിയ അക്രമത്തിൽ 14 വിശ്വാസികൾ കൊല്ലപ്പെടുകയും തുടർന്ന് ഒക്ടോബർ 24-ന് ഷെർക്ക വൊറെഡയിൽ നടന്ന ആക്രമണത്തിൽ 46 ക്രൈസ്തവർ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. ആക്രമണത്തിൽ ഇരുപതോളം വിശ്വാസികളുടെ വീടുകൾ അക്രമികൾ പൂർണ്ണമായി അഗ്നിക്കിരയാക്കി. ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിവരികയാണ്.
ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് ദിനംപ്രതി വർദ്ധിച്ചുവരികയാണെന്നും, ഇത് രാജ്യത്തിന്റെ സമാധാനപരമായ സഹവർത്തിത്വത്തെ പൂർണമായി തകർക്കുകയാണെന്നും ഓർത്തഡോക്സ് സഭ അപലപിച്ചു. വിശ്വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് സർക്കാർ തലത്തിലെ അധികാരികളെ പലതവണ സമീപിച്ചിട്ടും ഫലപ്രദമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സഭ വേദനയോടെ ചൂണ്ടിക്കാട്ടി. പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങൾക്കായി പ്രാർത്ഥിക്കണമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.
ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗവും ക്രൈസ്തവ വിശ്വാസികളുള്ള (പ്രത്യേകിച്ച് ഓർത്തഡോക്സ് സഭാംഗങ്ങൾ) രാജ്യമാണ് എത്യോപ്യ. ഏകദേശം മൂന്നിലൊന്ന് ഭാഗമാണ് ഇവിടെ മുസ്ലീം ജനസംഖ്യയുള്ളത്. ഒറോമോ ലിബറേഷൻ ആർമി ഉൾപ്പെടുന്ന ‘അലയൻസ് ഫോർ സർവൈവൽ’ എന്ന വിമത മുന്നണിയാണ് ഈ കിരാതമായ കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
എന്നാൽ ഈ ആരോപണങ്ങളോട് ഒറോമോ ലിബറേഷൻ ആർമി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഭീകരതയ്ക്കും പീഡനങ്ങൾക്കുമിടയിലും ക്രിസ്തുവിശ്വാസം മുറുകെപ്പിടിച്ച് രക്തസാക്ഷിത്വം വരിച്ച ആത്മാക്കൾക്കായി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം പ്രാർത്ഥനകൾ അർപ്പിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.