കൊച്ചി: വിമാനത്താവള സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതില്‍ രാജ്യത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്താദ്യമായി അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഡിജി യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയതോടെ സിയാലിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ചൊവ്വാഴ്ച സിയാലില്‍ നിന്ന് മാലദ്വീപിലേക്ക് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരാണ് ഈ ഡിജിറ്റല്‍ സംവിധാനം ആദ്യമായി അനുഭവിച്ചറിഞ്ഞത്.
ഇ-പാസ്‌പോര്‍ട്ടും മുഖം തിരിച്ചറിയുന്ന അത്യാധുനിക ബയോമെട്രിക് സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചാണ് അന്താരാഷ്ട്ര ഡിജി യാത്ര പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര വിമാന സര്‍വീസുകളിലാണ് ഡിജി യാത്ര പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുള്ളത്. എയര്‍പോര്‍ട്ട് പ്രവേശന കവാടത്തിലും സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിലും രേഖകള്‍ നേരിട്ട് കാണിച്ച് സമയം കളയാതെ തന്നെ യാത്രക്കാര്‍ക്ക് സുഗമമായി മുന്നോട്ട് പോകാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. 2023 ഓഗസ്റ്റ് 15 നാണ് സിയാലില്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായി ഡിജി യാത്ര അവതരിപ്പിച്ചത്. ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ ആഭ്യന്തര യാത്രക്കാരില്‍ മൂന്നിലൊരാള്‍ ഈ സൗകര്യം സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങി എന്നത് പദ്ധതിയുടെ ജനപ്രീതി വെളിപ്പെടുത്തുന്നു.
സിയാലിന്റെ സാങ്കേതിക വിഭാഗം പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഇ-ബോര്‍ഡിങ് സോഫ്റ്റ്വേറാണ് ഈ പുതിയ സംവിധാനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിമാനത്താവള നിര്‍മാണം, പ്രവര്‍ത്തനം, സാങ്കേതിക മുന്നേറ്റം എന്നിവയില്‍ തങ്ങള്‍ കൈവരിച്ച മികച്ച വൈദഗ്ധ്യം മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി ആന്‍ഡ് എക്‌സ്പെര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് എന്ന സംരംഭവും സിയാല്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം അടുത്തിടെ വി.ഡി സതീശന്‍ നിര്‍വഹിക്കുകയുണ്ടായി. സിയാലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗത്തിന്റെ സേവനങ്ങള്‍ സ്വീകരിക്കുന്ന ആദ്യ ഉപയോക്താവായി ബംഗാളിലെ ദുര്‍ഗാപുര്‍ വിമാനത്താവളം ഇതിനകം മാറിക്കഴിഞ്ഞു.
സിയാല്‍ വികസിപ്പിച്ച പാസഞ്ചര്‍ വെരിഫിക്കേഷന്‍ സിസ്റ്റമാണ് ദുര്‍ഗാപുരില്‍ സ്ഥാപിക്കുന്നത്. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര യാത്രക്കാരിലേക്കും ഡിജി യാത്ര വ്യാപിപ്പിച്ചതെന്ന് മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.