തിരുവനന്തപുരം: വലിയ രാഷ്ട്രീയ-സാമൂഹിക കോളിളക്കം സൃഷ്ടിച്ച പി.എസ്.സി പരീക്ഷത്തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. മുന്‍നിര ഉദ്യോഗസ്ഥരെക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി പി.എസ്.സി ചെയര്‍മാന്‍ എം.ആര്‍ ബൈജു, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇതിന് മുന്നോടിയായി ചെയര്‍മാനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. എന്നാല്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്വേഷണ സംഘം ഇതുവരെ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.
ഖാദി ബോര്‍ഡ് വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നി തസ്തികകളിലെ പരീക്ഷകളിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഈ പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് ചുമതയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പില്‍ ചെയര്‍മാനും മറ്റ് അംഗങ്ങളും നല്‍കിയ മൊഴികളില്‍ ഗുരുതരമായ വൈരുധ്യങ്ങള്‍ കണ്ടെത്തിയതാണ് നടപടികള്‍ വേഗത്തിലാക്കാന്‍ കാരണം.
പരീക്ഷാ നടത്തിപ്പില്‍ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും കേവലം സാങ്കേതികപ്പിഴവുകള്‍ മാത്രമാണ് ഉണ്ടായതെന്നുമാണ് ചെയര്‍മാന്റെ നിലപാട്. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നവരെ തിരഞ്ഞെടുക്കാനും അഭിമുഖ ബോര്‍ഡ് അംഗങ്ങളെ തീരുമാനിക്കാനും തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ ചെയര്‍മാന്‍ വ്യക്തമാക്കിയത്. ഇതിനുപുറമെ അഭിമുഖത്തിന്റെ മാര്‍ക്ക് 40 ല്‍ നിന്ന് 25 ആയി കുറച്ചത് തന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും അദേഹം വാദിക്കുന്നു.
എന്നാല്‍ പരീക്ഷാ നടത്തിപ്പിന്റെ പ്രധാന ചുമതലകളില്‍ നിന്ന് പി.എസ്.സി സെക്രട്ടറിയെ ചെയര്‍മാന്‍ മനപൂര്‍വം മാറ്റി നിര്‍ത്തുകയായിരുന്നുവെന്ന് ചില ബോര്‍ഡ് അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴികളിലെ അവ്യക്തത നീക്കുന്നതിനായി വരും ദിവസങ്ങളില്‍ പി.എസ്.സി സെക്രട്ടറിയെ വിശദമായി ചോദ്യം ചെയ്യും. അതേസമയം കേസില്‍ ഉള്‍പ്പെട്ട അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരി ഇപ്പോഴും ഒളിവിലാണ്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീട് പൂട്ടി മുങ്ങിയ ഇയാള്‍ക്കായി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.