ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ രീതിയില്‍ 2028 മുതല്‍ മാറ്റമുണ്ടാകും. പുതിയ മാറ്റം അനുസരിച്ച് അഞ്ച് നിര്‍ബന്ധിത വിഷയങ്ങളും കൂടാതെ ഓപ്ഷണലായി ഒരു സ്‌കില്‍ പേപ്പറും ഉണ്ടായിരിക്കും.
കണക്ക്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ പരാജയപ്പെട്ടാല്‍, സ്‌കില്‍ പേപ്പറില്‍ ലഭിക്കുന്ന മാര്‍ക്ക് ഉപയോഗിച്ച് പരീക്ഷ ജയിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും.
രണ്ട് ഭാഷാ വിഷയങ്ങള്‍, കണക്ക്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയാണ് പ്രധാന ബോര്‍ഡ് പരീക്ഷാ വിഷയങ്ങള്‍. ഇതിനുപുറമെ വിദ്യാര്‍ഥികള്‍ക്ക് 'കൗശല്‍ വികാസ്' അല്ലെങ്കില്‍ സി.ബി.എസ്.ഇ അംഗീകരിച്ച 22 സ്‌കില്‍ വിഷയങ്ങളില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് മുതലായവ) ഒന്ന് തിരഞ്ഞെടുക്കാം.
സ്‌കില്‍ പേപ്പര്‍ ബോര്‍ഡ് പരീക്ഷ എഴുതി വിജയിക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക്ക് (NSQF) സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
2026-27 അധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 'ഇന്‍ഡിവിജ്വല്‍സ് ഇന്‍ സൊസൈറ്റി', സി.ടി ആന്റ് എ.ഐ മൊഡ്യൂളുകള്‍ എന്നിവ പാഠ്യ പദ്ധതിയില്‍ ഉണ്ടാകില്ല. കൂടാതെ 2027-28 ലെ പത്താം ക്ലാസ് ബാച്ചിന് എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷനും ഒഴിവാക്കിയിട്ടുണ്ട്.
2026-27 വര്‍ഷത്തില്‍ ഒമ്പതാം ക്ലാസില്‍ പ്രവേശിക്കുന്ന (2028 ല്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന) വിദ്യാര്‍ഥികള്‍ക്കാണ് മാറ്റങ്ങള്‍ ബാധകമാകുന്നത്. നിലവിലെ പത്താം ക്ലാസ് ബാച്ചിന് ഇതില്‍ മാറ്റങ്ങളൊന്നുമില്ലെന്ന് സി.ബി.എസ്.ഇ അക്കാദമിക് ഡയറക്ടര്‍ പ്രഗ്യ എം. സിങ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.