കെയ്‌റോ: അടിച്ചേൽപ്പിച്ച മതപരിവർത്തന ഭീഷണികൾക്ക് മുന്നിൽ പതറാതെ, ക്രിസ്തുവിലുള്ള വിശ്വാസം മുറുകെപ്പിടിച്ച് ഇരുപതുകാരനായ ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവ യുവാവ് രക്തസാക്ഷിത്വം വരിച്ചു.
വടക്കൻ ഈജിപ്തിലെ ഘർബിയ ഗവർണറേറ്റിലെ സെബർബേ ഗ്രാമത്തിൽ നിന്നുള്ള മിലാദ് മലാക് ആണ് ലിബിയയിൽ വെച്ച് ഐസിസ് ഭീകരരാൽ കൊല്ലപ്പെട്ടത്. സ്വന്തം ഇടവകയിൽ ഡീക്കനായി ശുശ്രൂഷ ചെയ്തുവരികയായിരുന്ന മിലാദ്, ദൃഢമായ വിശ്വാസജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു.
ദാരിദ്ര്യത്തിലായിരുന്ന കുടുംബത്തെ സഹായിക്കാനും ഉപജീവനമാർഗ്ഗം കണ്ടെത്താനുമായി ഗ്രാമത്തിലെ രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് മിലാദ് ലിബിയയിലേക്ക് പോയത്.
എന്നാൽ ലിബിയയിലെ സ്ലിറ്റൻ നഗരത്തിൽ വെച്ച് ഒരു കൂട്ടം ഈജിപ്ഷ്യൻ തൊഴിലാളികൾക്കൊപ്പം ഭീകരർ ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
തടവിലാക്കപ്പെട്ടവരിൽ മിലാദ് മാത്രമാണ് ക്രിസ്ത്യാനിയെന്ന് തിരിച്ചറിഞ്ഞ ഭീകരർ, ജീവൻ രക്ഷിക്കണമെങ്കിൽ ക്രിസ്തുവിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും കടുത്ത സമ്മർദം ചെലുത്തുകയും ചെയ്തു.
ദിവസങ്ങളോളം അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്കും വധഭീഷണികൾക്കും ഇരയായിട്ടും തന്റെ രക്ഷകനായ യേശുക്രിസ്തുവിനെ തള്ളിപ്പറയാൻ മിലാദ് തയ്യാറായില്ലെന്ന് ഒപ്പം തടവിലാവുകയും പിന്നീട് മോചിതരാവുകയും ചെയ്ത സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
പീഡനങ്ങൾക്കൊടുവിലും വിശ്വാസത്തിൽ ഉറച്ചുനിന്നതോടെ ഭീകരർ മിലാദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര ക്രൈസ്തവ പീഡന നിരീക്ഷണ സംഘടനയായ 'ഓപ്പൺ ഡോർസ്' സ്ഥിരീകരിച്ചു.
2015-ൽ ലിബിയൻ കടൽത്തീരത്ത് വെച്ച് ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഐസിസ് ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 രക്തസാക്ഷികളെ (20 കോപ്റ്റിക് ക്രൈസ്തവരും ഒരു ഘാന സ്വദേശിയും) അനുസ്മരിപ്പിക്കുന്നതാണ് മിലാദിന്റെ ഈ രക്തസാക്ഷിത്വം.
അന്ന് ക്രിസ്തുവിനായി ജീവൻ ത്യജിച്ചവരെ കോപ്റ്റിക് സഭ വിശുദ്ധ രക്തസാക്ഷികളായി പ്രഖ്യാപിച്ചിരുന്നു. ക്രൂരമായ പീഡനങ്ങൾക്ക് മുന്നിലും ക്രിസ്തുവിനോടുള്ള വിശ്വസ്തത വെടിയാതെ ജീവൻ സമർപ്പിച്ച മിലാദ് മലാക്കിന്റെ സാക്ഷ്യം ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് ആഴമേറിയ വിശ്വാസ പ്രചോദനമായി മാറുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.