ഒമാനിലെ ആദ്യത്തെ കത്തോലിക്കാ ദേവാലയമായ റൂവി സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ഒമാനിലെ ആദ്യത്തെ കത്തോലിക്കാ ദേവാലയമായ റൂവി സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

മസ്കറ്റ്: ഒമാനിലെ ആദ്യത്തെ കത്തോലിക്കാ ദേവാലയമായ മസ്കറ്റ് റൂവിയിലെ സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ചിന്റെ സുവർണ ജൂബിലി വർഷാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. നവംബർ ആറിന് സതേൺ അറേബ്യ അപ്പോസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സമൂഹബലിയോടെയാണ് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

2027 നവംബർ അഞ്ചു വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ജൂബിലിയോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്.

ദേവാലയ കൂദാശയുടെ 50-ാം വാർഷികമാണ് ഇടവക സമൂഹം ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ മുന്നോടിയായി ജൂബിലി പതാക ഉയർത്തലും മറ്റ് ക്രിസ്തീയ സഭാ പ്രതിനിധികൾ പങ്കെടുത്ത സന്ധ്യാപ്രാർത്ഥനയും നടന്നു.
ഉദ്ഘാടന ദിവ്യബലിക്ക് മുന്നോടിയായി ബിഷപ്പ് പൗലോ മാർട്ടിനെല്ലി ദേവാലയ കവാടവും ജൂബിലി ബലിപീഠവും ആശീർവദിക്കുകയും ജൂബിലി തിരി തെളിക്കുകയും ചെയ്തു.

ഇടവകയുടെ കാവൽ വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ മാതൃക ഉൾക്കൊണ്ട് "പാറമേൽ പണിതുയർത്തപ്പെട്ടത്, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നത്" (Built on the Rock, Driven by the Spirit) എന്നതാണ് ജൂബിലിയുടെ മുഖ്യ സന്ദേശം.

ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ പ്രവാസികളായ വിശ്വാസികളെ ക്രിസ്തു തന്റെ പ്രേഷിതരാക്കി മാറ്റിയിരിക്കുകയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. അനുദിന ജീവിതത്തിൽ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും സഭയുടെ കൂട്ടായ്മകളിൽ നിന്ന് അകന്നുനിൽക്കുന്നവരെ സ്നേഹത്തോടെ വിശ്വാസ ജീവിതത്തിലേക്ക് ചേർത്തുപിടിക്കാനും അദേഹം ആഹ്വാനം ചെയ്തു.

സുവർണ ജൂബിലി വർഷത്തിൽ റൂവി ദേവാലയം സന്ദർശിച്ചു പ്രാർത്ഥിക്കുന്നവർക്കായി വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റൻഷ്യറി പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക ഡിക്രി ഫാ. ഡെറിക് ഡിസൂസ ചടങ്ങിൽ വായിച്ചു.
വിശ്വാസ സമൂഹത്തിന് ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കുകയും ദേവാലയ നിർമ്മാണത്തിന് അനുമതി നൽകുകയും ചെയ്ത ഒമാൻ ഭരണകൂടത്തിനും ഭരണാധികാരികൾക്കും ഇടവക വികാരി ഫാ. സ്റ്റീഫൻ ലൂയിസ് നന്ദി അറിയിച്ചു.
വിവിധ ഭാഷാ സമൂഹങ്ങളും സംഘടനകളും ഉൾപ്പെടുന്ന വിപുലമായ പരിപാടികളാണ് വരും മാസങ്ങളിൽ ഇടവകയിൽ നടക്കുക.
ദശാബ്ദങ്ങൾക്ക് മുമ്പ് ബഹ്‌റൈനിൽ നിന്നുള്ള കപ്പൂച്ചിൻ വൈദികർ രണ്ടുമാസത്തിലൊരിക്കൽ മസ്കറ്റിലെത്തിയാണ് ഏതാനും വിശ്വാസികൾക്കായി വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. തുടർന്ന് 1973-ൽ സുൽത്താൻ ഖാബൂസ് ദേവാലയത്തിനും വൈദിക മന്ദിരത്തിനുമായി സ്ഥലം അനുവദിച്ചു നൽകി.

1977 നവംബർ നാലിനാണ് ആർച്ച് ബിഷപ്പ് ദുരൈസാമി സൈമൺ ലൂർദ്ദുസാമിയും ബിഷപ്പ് ജിയോവന്നി ബെർണാർഡോ ഗ്രെമോളിയും ചേർന്ന് ഒമാനിലെ ആദ്യത്തെ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തത്. വിശ്വാസികളുടെ എണ്ണം വർദ്ധിച്ചതോടെ 1995-ൽ പഴയ പള്ളി പൊളിച്ചുമാറ്റി പുതിയ ദേവാലയം നിർമ്മിക്കുകയായിരുന്നു.

അന്ന് ഏതാനും ആയിരങ്ങൾ മാത്രമുണ്ടായിരുന്ന കത്തോലിക്കാ സമൂഹം ഇന്ന് ഒമാനിൽ ഒരു ലക്ഷത്തോളമായി വളർന്നിരിക്കുന്നു. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം വിശ്വാസികൾ റൂവി പള്ളിയിൽ മാത്രം പതിവായി പ്രാർത്ഥനകളിൽ പങ്കുചേരുന്നുണ്ട്.

നാല് വൈദികരുടെ നേതൃത്വത്തിലാണ് ഇടവക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. റൂവിക്ക് പുറമെ ഗാല, സോഹാർ, സലാല എന്നിവിടങ്ങളിലും പിന്നീട് ഒമാനിൽ കത്തോലിക്കാ ദേവാലയങ്ങൾ സ്ഥാപിതമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.