ലിമ: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലിയോ പാപ്പയുടെ (മുൻ ബിഷപ്പ് റോബർട്ട് പ്രിവോസ്റ്റ്) പെറു സന്ദർശനത്തിന് മുന്നോടിയായി അദേഹത്തോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചുകൊണ്ട് കല്ലാവോയിൽ പടുകൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്തു.
പെറുവിൽ ഒരു മാർപാപ്പയ്ക്കായി നിർമ്മിക്കപ്പെടുന്ന ഏറ്റവും ഉയരം കൂടിയ ശിൽപമാണിത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയായിരുന്നു പ്രതിമയുടെ അനാവരണ ചടങ്ങ് നടന്നത്.
പ്രശസ്ത ശിൽപികളായ ഡെയ്വി വോങ് അരാന, റാഫേൽ ഗുട്ടറസ് ക്വിസ്പെ എന്നിവരുടെ നേതൃത്വത്തിലാണ് ആകെ 14 മീറ്റർ (45 അടി) ഉയരമുള്ള ഈ ശിൽപം നിർമ്മിച്ചിരിക്കുന്നത്. രണ്ട് മീറ്റർ (6 അടി) ഉയരമുള്ള പീഠത്തിന് മുകളിലായി 12 മീറ്റർ ഉയരത്തിലാണ് പാപ്പയുടെ രൂപം ഒരുക്കിയിരിക്കുന്നത്.
ലോഹ ചട്ടക്കൂടിൽ പോളിയുറീൻ ഫോം, ഫൈബർഗ്ലാസ്, പോളിസ്റ്റർ റെസിൻ എന്നിവ ഉപയോഗിച്ച് മാർബിളിന് സമാനമായ ഫിനിഷിംഗിലാണ് പ്രതിമ പൂർത്തിയാക്കിയിരിക്കുന്നത്.
കല്ലാവോ മേയർ സീസർ പെരസ് അനാച്ഛാദന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കല്ലാവോ ബിഷപ്പ് ലൂയിസ് ആൽബെർട്ടോ ബരേര പച്ചെക്കോ, പെറുവിയൻ ബിഷപ്പ്സ് കോൺഫറൻസ് ഡെപ്യൂട്ടി സെക്രട്ടറി മോൺസിഞ്ഞോർ ഗില്ലെർമോ ഇങ്ക പെരേഡ, പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയ കാജ ഹുവാൻകായോ പ്രസിഡന്റ് ജോർജ്ജ് ഗില്ലെർമോ സോളിസ് എസ്പിനോസ, നിയുക്ത ഗവർണർ പെഡ്രോ സ്പദാരോ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
രൂപതയുടെ ആത്മീയ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തിയ ഇടയനോടുള്ള കല്ലാവോയിലെ വിശ്വാസികളുടെ അഭിമാനവും നന്ദിയും വിശ്വാസവുമാണ് ഈ ശിൽപത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
2015 മുതൽ പെറുവിയൻ പൗരത്വമുള്ള വ്യക്തിയാണ് ലിയോ പാപ്പ. 2014-ൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും, തുടർന്ന് 2015 സെപ്റ്റംബർ മുതൽ എട്ടു വർഷക്കാലം ചിക്ലായോ രൂപതയുടെ ബിഷപ്പായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.
കൂടാതെ 2020 മുതൽ 2021 വരെ കല്ലാവോയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും, 2018 മുതൽ 2023 വരെ പെറുവിയൻ ബിഷപ്പ്സ് കോൺഫറൻസിന്റെ രണ്ടാം വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം പരിശുദ്ധ പിതാവിന്റെ പെറു അപ്പസ്തോലിക സന്ദർശനം ഭക്തിനിർഭരമായി പുരോഗമിക്കുകയാണ്.
17-ാം തീയതി വരെ നീളുന്ന സന്ദർശനത്തിനിടെ ലിമ, ചിക്ലായോ, കുസ്കോ, പുക്കാൽപ എന്നീ നഗരങ്ങളിൽ പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.