'ബിജെപിയില്‍ പോയത് തെറ്റായ തീരുമാനം'; പദ്മം വിട്ട് പത്മജ

'ബിജെപിയില്‍ പോയത് തെറ്റായ തീരുമാനം'; പദ്മം വിട്ട് പത്മജ

തൃശൂര്‍: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ മകളും മന്ത്രി കെ മുരളീധരന്റെ സഹോദരിയുമായ പത്മജാ വേണുഗോപാല്‍ ബിജെപി വിട്ടു.

പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് സമര്‍പ്പിച്ചതായി വ്യക്തമാക്കിയ അവര്‍ ബിജെപിയില്‍ പോയത് തെറ്റായിപ്പോയെന്നും അത് തിരുത്തുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തു ചാടി. രാജി വയ്ക്കാനുള്ള തീരുമാനം ആദ്യം അറിയിച്ചത് സഹോദരന്‍ കെ. മുരളീധരനെയാണ്. ബിജെപിയില്‍ അംഗമായിരുന്നപ്പോള്‍ മീനിനെപ്പിടിച്ച് കയരിയിലിട്ട അവസ്ഥയായിരുന്നുവെന്നും പത്മജ പറഞ്ഞു.

'ചേട്ടനെ തിരിച്ചുകിട്ടി. അതാണ് ഏറ്റവും വലിയ സന്തോഷം. പദവി കിട്ടാത്തതിനാലല്ല ബിജെപിയില്‍ നിന്ന് രാജിവച്ചത്. അവര്‍ വാഗ്ദാനമൊന്നും നല്‍കിയിരുന്നില്ല. ഞാന്‍ ഒന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നില്ല.

കേരളത്തില്‍ ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അറിയാമായിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നതില്‍ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. കോണ്‍ഗ്രസിനുള്ളിലുള്ളവര്‍ ഉള്‍പ്പെടെ ആരുമായും തര്‍ക്കത്തിനില്ല' - പത്മജാ വേണുഗോപാല്‍ പറഞ്ഞു.

2024 മാര്‍ച്ചിലാണ് കോണ്‍ഗ്രസ് വിട്ട് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യം പത്മജയെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് കേന്ദ്രം പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ തൃശൂരില്‍ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ തീരെ ചെറിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

മൂന്ന് മാസം മുന്‍പാണ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള ശ്രമം പത്മജ ആരംഭിച്ചത്. കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള ആഗ്രഹം ആദ്യം അറിയിച്ചത് സഹോദരനും മന്ത്രിയുമായ കെ. മുരളീധരനെയാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായോ പ്രതികൂലമായോ ഒന്നും പറയാതെ പാര്‍ട്ടി നേതൃത്വത്തോട് സംസാരിക്കാനായിരുന്നു മുരളീധരന്‍ നല്‍കിയ നിര്‍ദേശം. ഇതിനു പിന്നാലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുമായി പത്മജ സംസാരിച്ചു എന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന് പത്മജയുടെ കാര്യത്തില്‍ കാര്യമായ എതിര്‍പ്പില്ലെന്നാണ് അറിയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.