ദില്ലി: ബോളിവുഡിനെ ഞെട്ടിച്ച് വീണ്ടും ബോംബ് ഭീഷണി. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ ബംഗ്ലാവായ 'ജൽസ', ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ആസ്ഥാനത്തെ മേയറുടെ ഓഫീസ് എന്നിവയ്ക്ക് നേരെയാണ് ബോംബ് ഭീഷണികൾ ലഭിച്ചത്.
മുംബൈ മഹാലക്ഷ്മി റേസ് കോഴ്സിലും മെട്രോസ്റ്റേഷനുകളിലും ബോംബ് സ്ഫോടനമുണ്ടാകുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
അമിതാഭ് ബച്ചന് നേരെ ഇതാദ്യമല്ല ഭീഷണി സന്ദേശം ലഭിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ നാലാമത്തെ തവണയാണ് ബച്ചന്റെ വസതിയ്ക്ക് നേരെ ഭീഷണിയെത്തുന്നത്. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളോട് കൂടിയ മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിലാണ് പുതിയ ഭീഷണി ഇമെയിൽ വരുന്നത് എന്നത് ശ്രദ്ധേയമാണ്. മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ഒരുമാസത്തിനകം നഗരത്തിൽ സ്ഫോടന പരമ്പരയുണ്ടാകുമെന്നും സന്ദേശത്തിലുണ്ട്.
മുംബൈ മേയർ റിതു തവ്ഡെ, ബിഎംസി കമ്മീഷണർ അശ്വിനി ഭിഡെ എന്നിവർക്കാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. നവംബർ 27 മുതൽ ഡിസംബർ 31 വരെ മെട്രോ സ്റ്റേഷനുകളിൽ ഐഇഡി സ്ഫോടനങ്ങൾ നടത്തുമെന്നും മുംബൈയിൽ തുടർച്ചയായി 30 ദിവസം ഗ്രനേഡ് ആക്രമണം നടത്തുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. നവംബർ 27ന് മുംബൈയിലെ മഹാലക്ഷ്മി റേസ്കോഴ്സിൽ നടക്കാനിരിക്കുന്ന ഗായകൻ ദിൽജിത് ദോസാഞ്ചിന്റെ സംഗീത പരിപാടി റദ്ദാക്കണമെന്നും ഇ-മെയിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടി നടത്തിയാൽ വേദിയിൽ ഡ്രോൺ ആക്രമണം നടത്തുമെന്നും ഭീഷണിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.