കനത്ത മഴയും വെള്ളപ്പൊക്കവും
ഒമ്പത് ലക്ഷത്തോളം പേര്‍ ഇരുട്ടില്‍
2000 ത്തിലധികം വിമാനങ്ങള്‍ വൈകുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആഞ്ഞടിച്ച'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ് രാജ്യത്തിന്റെ മധ്യ, കിഴക്കന്‍ മേഖലകളെ സാരമായി ബാധിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് പലയിടത്തും കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി.
മണിക്കൂറില്‍ 112 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും അവധിക്കാല യാത്രകളെയും പ്രതികൂലമായി ബാധിച്ചു.
കൊടുങ്കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നതോടെ രാജ്യത്തുടനീളം ഒമ്പത് ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. പെന്‍സില്‍വാനിയ, മേരിലാന്‍ഡ്, വിര്‍ജീനിയ എന്നിവിടങ്ങളിലാണ് വൈദ്യുതി തടസം ഏറ്റവും രൂക്ഷമായി ബാധിച്ചത്.
നാനൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. താങ്ക്സ് ഗിവിങ് ആഘോഷങ്ങളെയും കൊടുങ്കാറ്റ് തടസപ്പെടുത്തി. ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്കിലെ 'മേസിസ് പരേഡ്' ശനിയാഴ്ചയിലേക്ക് മാറ്റി.
ഫ്ളൈലറ്റ് അവെയര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം, അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍, പ്രത്യേകിച്ച് കിഴക്കന്‍ മേഖലകളില്‍ ഏകദേശം 400 വിമാനങ്ങള്‍ റദ്ദാക്കുകയും 2000 ത്തിലധികം വിമാനങ്ങള്‍ വൈകുന്നതായുമാണ് റിപ്പോര്‍ട്ട്.
കനത്ത കൊടുങ്കാറ്റും വെള്ളപ്പൊക്കവും കണക്കിലെടുത്ത് ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂജേഴ്‌സി ഗവര്‍ണര്‍ മിക്കി ഷെറില്‍ ബുധനാഴ്ച തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
വെസ്റ്റ് വിര്‍ജീനിയയിലെ ഷോഷൂവില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു. മേരിലാന്‍ഡ്, വിര്‍ജീനിയ, ഡെലവെയര്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലും മണിക്കൂറില്‍ 60 മൈലില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചു.
പെന്‍സില്‍വാനിയയെയും ന്യൂജേഴ്‌സിയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കൊമോഡോര്‍ ബാരി പാലം ഉള്‍പ്പെടെ നിരവധി പ്രധാന പാലങ്ങള്‍ കാലാവസ്ഥ കാരണം അടച്ചു. ന്യൂജേഴ്‌സിയിലെ വൈല്‍ഡ് വുഡ് ക്രെസ്റ്റിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന എല്ലാ പാലങ്ങളും അടച്ചു. വിര്‍ജീനിയയിലെ ചെസാപീക്ക് ബേ ബ്രിഡ്ജ്-ടണല്‍ , ജെയിംസ് റിവര്‍ ബ്രിഡ്ജ് എന്നിവയും അടച്ചു.
മേരിലാന്‍ഡിലെ വീടുകള്‍ക്ക് മുകളില്‍ ഡസന്‍ കണക്കിന് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മോണ്ട്ഗോമറി കൗണ്ടിയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അറിയിച്ചു. അറ്റ്ലാന്റിക് സിറ്റിയിലും ന്യൂജേഴ്സിയിലും വെള്ളമിറങ്ങി തുടങ്ങിയതായി നഗരത്തിലെ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.