വാഷിങ്ടണ്‍: അമേരിക്കന്‍ വ്യോമ സേനയുടെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോമായ 'ക്ലൗഡ് വണ്‍' ല്‍ കടന്നുകയറ്റം നടത്തി ഹാക്കര്‍മാര്‍. സംഭവത്തില്‍ സൈനിക നീക്കങ്ങള്‍, ഉദ്യോഗസ്ഥര്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്നാണ് ആശങ്ക. തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സംവിധാനമാണ് ക്ലൗഡ് വണ്‍.
സിസ്റ്റം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഹാക്കിങ് കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസപ്പെട്ടു. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ എത്രത്തോളം സംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടെന്നോ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോയെന്നോ സ്ഥിരീകരിക്കാനായിട്ടില്ല.
ഇക്കാര്യത്തില്‍ പ്രത്യേക നെറ്റ് വര്‍ക്കുകളുടെയും സംവിധാനങ്ങളുടെയും സുരക്ഷാ നില, ദൗര്‍ബല്യങ്ങള്‍, പ്രവര്‍ത്തന സാഹചര്യം എന്നിവയെക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് യുഎസ് വ്യോമസേന പ്രസ്താവനയില്‍ വ്യക്തമാക്കി. വ്യോമസേനയുടെ വിവരങ്ങള്‍, സംവിധാനങ്ങള്‍, ദൗത്യശേഷികള്‍ എന്നിവ സംരക്ഷിക്കുന്നതിനായി തുടര്‍ച്ചയായി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
2017 ല്‍ ആരംഭിച്ച ക്ലൗഡ് വണ്‍ അമേരിക്കന്‍ വ്യോമസേനയുടെ ഐടി ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത കേന്ദ്രീകൃത ക്ലൗഡ് സംവിധാനമാണ്. മൈക്രോസോഫ്റ്റ്, ആമസോണ്‍, ഒറാക്കിള്‍, ആല്‍ഫബെറ്റ് എന്നീ നാല് പ്രമുഖ സാങ്കേതിക കമ്പനികളുടെ ക്ലൗഡ് സേവനങ്ങള്‍ ഇതില്‍ സംയോജിപ്പിച്ചിട്ടുണ്ട്.
സൈനികരുടെ വ്യക്തിഗത വിവരങ്ങള്‍, ശമ്പള വിതരണം, ലോജിസ്റ്റിക്‌സ്, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ആപ്ലിക്കേഷനുകള്‍ ഈ പ്ലാറ്റ്ഫോം വഴി പ്രവര്‍ത്തിക്കുന്നു.
സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായകമായ മറ്റ് സംവിധാനങ്ങളും ക്ലൗഡ് വണ്ണിലുണ്ട്. വടക്കേ അമേരിക്കയിലുടനീളമുള്ള വ്യോമപ്രതിരോധ റഡാറുകളില്‍ നിന്നും മറ്റ് സ്രോതസുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ഏകോപിപ്പിക്കുന്ന വ്യോമസേനയുടെ ക്ലൗഡ് അധിഷ്ഠിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനവും ഇതിലുള്‍പ്പെടുന്നു.
ലോകമെമ്പാടുമുള്ള ഇരുനൂറിലധികം യുഎസ് വ്യോമസേനാ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ബോംബുകളുടെയും മിസൈലുകളുടെയും വിവരങ്ങള്‍ നിരീക്ഷിക്കുന്ന 'തിയറ്റര്‍ ഇന്റഗ്രേറ്റഡ് കോംബാറ്റ് മ്യൂണിഷന്‍സ് സിസ്റ്റം' എന്ന സംവിധാനവും ക്ലൗഡ് വണ്ണിന്റെ ഭാഗമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.