ന്യുഡല്‍ഹി: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അപ്രതീക്ഷിത ലോക്ക് ഡൗണ്‍ പ്രഖ്യാപനമുണ്ടായേക്കാം എന്ന ഭീതിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍. ബിഹാറില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികാളാണ് വീണ്ടുമൊരു അപ്രതീക്ഷിത ലോക്ക് ഡൗണ്‍ ഉണ്ടായേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപനം ഉണ്ടായേക്കാമെന്ന ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ നഗരങ്ങളില്‍ നിന്ന് ബിഹാറിലേക്കുള്ള ട്രെയിന്‍, ബസ് സര്‍വീസുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ, പൂനെ, ചണ്ഡീഗഡ്, സൂറത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍, ബസ് മാര്‍ഗം വലിയ തോതിലുള്ള ജനങ്ങളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ നിന്നാണ് തൊഴിലാളികള്‍ കൂടുതലായും നാടുവിടുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളില്‍ മുന്നില്‍ മുംബൈയാണ്.
മുംബൈ, പൂനെ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ നിന്നും ബിഹാറിലേക്ക് പോകുന്ന ട്രെയിനുകളെല്ലാം തിങ്ങിനിറഞ്ഞിരിക്കുകയാണെന്ന് ഈസ്റ്റ് - സെന്‍ട്രല്‍ റെയില്‍വേ വക്താവ് രാജേഷ് കുമാര്‍ പറയുന്നു. എന്നാല്‍ ബിഹാറിലേക്ക് മടങ്ങുന്നവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണോ എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ തിരിച്ചു വരവ് നേരിടാന്‍ നടപടിയാരംഭിച്ചതായി ബിഹാര്‍ തൊഴില്‍ മന്ത്രി ജിബേഷ് കുമാര്‍ പറഞ്ഞു. തിരിച്ചെത്തുന്നവര്‍ക്കെല്ലാം കോവിഡ് ടെസ്റ്റ് നടത്തും. പ്രത്യേകിച്ചും കൂടിയ രോഗവ്യാപനമുള്ള നഗരങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം പരിഗണിക്കും. വേണ്ടി വന്നാല്‍ ക്വാറന്റെയിന്‍ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയിലെ പെട്ടെന്നുള്ള കോവിഡ് വര്‍ധനവിന് കാരണം അന്യസംസ്ഥാന തൊഴിലാളികളെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ പറഞ്ഞു. കോവിഡ് ടെസ്റ്റിനുള്ള അടിസ്ഥാന സൗകര്യമില്ലാത്തിടത്ത് നിന്നാണ് തൊഴിലാളികള്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തിയതെന്നും താക്കറെ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.