കോവിഡ് നിയന്ത്രണം: സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും; കേന്ദ്രം നടപടികള്‍ വിശദീകരിക്കും

കോവിഡ് നിയന്ത്രണം:  സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും; കേന്ദ്രം നടപടികള്‍ വിശദീകരിക്കും

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. രോഗ നിയന്ത്രണത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിക്കും. തുടര്‍ച്ചയായ നാലാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. മരണ നിരക്ക് മൂവായിരത്തിനടുത്തേക്ക് നീങ്ങുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും അവധി ദിനമായതിനാല്‍ ടെസ്റ്റിംഗ് കുറഞ്ഞതിനാലാവാം എണ്ണവും കുറഞ്ഞതെന്നാണ് വിലയിരുത്തല്‍.

ഒരു കോവിഡ് രോഗി വീട്ടിലുണ്ടെങ്കില്‍ പ്രത്യേകിച്ചും, അതല്ലാതെയും വീട്ടിലും മാസ്‌ക് ധരിക്കാന്‍ ശ്രമിക്കണമെന്നാണ് ഇന്നലെ ആരോഗ്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിര്‍ദേശിച്ചത്. വായുവിലൂടെ പടരുന്നതാണ് കോവിഡ് വൈറസ് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം നല്‍കുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം.

കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നിവയടക്കം പത്ത് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. ആരോഗ്യ സസംവിധാനങ്ങള്‍ക്ക് താങ്ങനാവാത്ത വിധം രോഗ ബാധിതര്‍ കൂടുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

രോഗ ബാധിതരില്‍ 15 ശതമാനമാണ് ഗുരുതര ലക്ഷണങ്ങള്‍ കാട്ടുന്നത്. ഛര്‍ദ്ദി, വയറിളക്കം, ശ്വാസതടസ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ചികിത്സ തേടണം. മാരക വൈറസായതിനാല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ നിരീക്ഷണത്തിലേക്ക് മാറണമെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ആര്‍ത്തവത്തിന്റെ പേരില്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് നീട്ടി വയക്കരുതെന്നും ആര്‍ത്തവ ദിനങ്ങളില്‍ വാക്‌സീന്‍ സ്വീകരിക്കുന്നത് യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നൂറില്‍ പത്ത് പേര്‍ക്കെന്ന വിധം രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനം തടയണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

അതേ സമയം മെയ് പകുതിയോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കടക്കാമെന്നും അതിനാല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തണമെന്നും നീതി ആയോഗ് പത്ത് ദിവസം മുന്‍പേ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്ത് വന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.