തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ള തടവുകാര്‍ക്ക് രണ്ടാഴ്ചത്തേക്കാണ് പ്രത്യേക പരോള്‍ അനുവദിച്ചത്. ജയിലിനുള്ളില്‍ സാമൂഹിക അകലമടക്കം ഉറപ്പാക്കാനാണ് നടപടി.
ജയിലില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കാന്‍ തടവുകാര്‍ക്കു പരോള്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് സര്‍ക്കാരിനോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. സംസ്ഥാനത്ത് വിവിധ ജയിലുകളിലായി ആറായിരത്തോളം തടവുകാരുണ്ട്. എല്ലാ തടവുകാര്‍ക്കും പരോള്‍ ലഭിക്കില്ല.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ജയിലുകളിലെ കോവിഡ് വ്യാപനം ചര്‍ച്ച ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും നിരവധി തടവുകാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജയിലുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ജയില്‍ മേധാവി ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.