കോവിഡ്; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ സ്ഥാപിച്ചു: മുഖ്യമന്ത്രി

കോവിഡ്; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ സ്ഥാപിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂമുകള്‍ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തിന് അനുസൃതമായ ഓക്‌സിജന്‍ ലഭ്യത ഉണ്ടോ എന്ന് ഇതുവഴി ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. 

ജില്ലാ അടിസ്ഥാനത്തിലാണ് വാര്‍ റൂം പ്രവര്‍ത്തിക്കുക. അതിനു പുറമേ ഓക്‌സിജന്‍ ഉത്പാദനം, ശേഖരണം, വിതരണം എന്നിവയും ഈ വാര്‍ റൂമുകള്‍ വഴി നിയന്ത്രിക്കപ്പെടുന്നു. ഓരോ ആശുപത്രിയിലേയും ആവശ്യമനുസരിച്ച്‌ ഓക്‌സിജന്‍ വിതരണം ചെയ്യുക എന്ന പ്രധാന ഉത്തരവാദിത്വം വാര്‍ റൂമുകളില്‍ ആണ് നിക്ഷിപ്തമായിരിക്കുന്നത്. പോലിസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്നീ വകുപ്പുകളില്‍ നിന്നുള്ള നോമിനികള്‍ ഈ വാര്‍ റൂമുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

ഏതെങ്കിലും ആശുപത്രികളില്‍ ഓക്‌സിജന്‍ ആവശ്യമുണ്ടെങ്കില്‍ വാര്‍ റൂമുകളുടെ കോള്‍ സെന്റര്‍ നമ്പറുകളിൽ ബന്ധപ്പെടുകയാണ് വേണ്ടത്. രണ്ടാമത്തെ കോവിഡ് തരംഗം മുന്‍കൂട്ടി കണ്ടുകൊണ്ട് കേരളം ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്താനുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്നും രോഗവ്യാപനം കൂടുന്ന സാഹചര്യമായതിനാല്‍ ഓക്‌സിജന്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സഹായം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.