കെയ്‌റോ/റിയാദ്: ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ ഹൂതികള്‍ സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ നാല് നഗരങ്ങളില്‍ നടത്തിയ ശക്തമായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളില്‍ വന്‍ നാശനഷ്ടം. എണ്ണ ശുദ്ധീകരണശാലകളില്‍ തീപിടിത്തമുണ്ടാവുകയും 70 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങളും തകര്‍ന്നു.
യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അബ്ഹ, നജ്‌റാന്‍ എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണശാലകള്‍, ചെങ്കടല്‍ തുറമുഖ നഗരമായ ജസനിലെ റിഫൈനറിയും ഊര്‍ജനിലയവും എന്നിവയ്ക്ക് നേരെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. തെക്കന്‍ നഗരമായ ഖമീസ് മുഷായത്തിലെ വ്യോമത്താവളത്തിന് നേരെയും ഹൂതികള്‍ ബോംബാക്രമണം നടത്തി. മറുപടിയായി യമനിലെ സനായിലുള്ള ജുബാ ജില്ലയില്‍ സൗദി സേന നാല് കേന്ദ്രങ്ങളില്‍ കനത്ത ബോംബിങ് നടത്തി. അല്‍ ഹസം നഗരത്തിലെ ജയിലിന് നേരെ സൗദി സേന നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.

സൗദി പിന്തുണയുള്ള യമന്‍ സര്‍ക്കാര്‍ സഖ്യസേന ഹൂതികളുടെ ശക്തികേന്ദ്രമായ വടക്കന്‍ മേഖലയിലേക്ക് നീങ്ങുന്നതോടെ ആറ് മാസം പിന്നിട്ട പശ്ചിമേഷ്യന്‍ പോരാട്ടത്തിന് പുതിയൊരു പോര്‍മുഖം തുറക്കുകയാണ്. സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനത്തിലേറെ വര്‍ധിച്ചു. യമന്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങള്‍ നിലവില്‍ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ ഷിയാ വിഭാഗമായ ഹൂതികള്‍ക്കെതിരെ പോരാടുന്ന യമന്‍ സര്‍ക്കാരിനും സുന്നി സംഘടനകള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നത് സൗദിയാണ്.
2022 ല്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കിലും അടുത്തിടെ ഉയര്‍ന്ന ഇറാന്‍-യു.എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ വീണ്ടും ഏറ്റുമുട്ടല്‍ രൂക്ഷമാവുകയായിരുന്നു.