ബില്ല് അടയ്ക്കാത്തതിന് മൃതദേഹം വിട്ടുനില്‍കിയില്ല; സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടിയുമായി കളക്ടര്‍

ബില്ല് അടയ്ക്കാത്തതിന് മൃതദേഹം വിട്ടുനില്‍കിയില്ല; സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടിയുമായി കളക്ടര്‍

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് ചെലവായ പണം പൂര്‍ണ്ണമായും അടയ്ക്കാത്തിന്റ പേരില്‍ കോവിഡ് രോഗിയുടെ മൃതദേഹം തടഞ്ഞുവെച്ച സ്വകാര്യ ആശുപത്രിയ്ക്ക് എതിരെ നടപടി. ദുരന്തനിവാരണ നിയമത്തിലെ 26, 30, 24 വകുപ്പുകള്‍ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി കളക്ടര്‍ നവജ്യോത് ഖോസ വ്യക്തമാക്കി.

ബില്ല് നല്‍കാത്തതിനാല്‍ സ്വകാര്യ ആശുപത്രി മൃതദേഹം വിട്ടുനല്‍കാതിരുന്ന സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കാണ് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. കോവിഡ് ചികിത്സയ്ക്കിടെ മരിച്ച കരമന കൊല്ലവിളാകത്തുവീട്ടില്‍ എം.ഷാജഹാന്റെ മൃതദേഹമാണ് സ്വകാര്യ ആശുപത്രി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ പിടിച്ചു വെച്ചത്.

മൃതദേഹം നല്‍കണമെങ്കില്‍ ബന്ധുക്കള്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്നായിരുന്നു സ്വകാര്യ ആശുപത്രി അധികൃതരുടെ ആവശ്യം. മരണപ്പെട്ടയാളുടെ ചികിത്സച്ചെലവുകള്‍ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ആശുപത്രി അധികൃതര്‍ കൃത്യമായ ധാരണ നല്‍കിയിരുന്നില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇത്തരം പ്രവൃത്തികള്‍ മനുഷ്യത്വരഹിതമായ അനീതിയാണ്. സ്വകാര്യ ആശുപത്രികള്‍ ചുമത്തുന്ന ബില്‍ താങ്ങാനാവില്ല. രോഗിയുടെ അവസ്ഥയെക്കുറിച്ചും ചികിത്സാ ചെലവുകളെക്കുറിച്ചും ബോധ്യപ്പെടുത്തേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണെന്നും കളക്ടര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.