കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ. ആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ അംഗമായിരുന്നു.

1952-53, 1954-56 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും ഒന്നു മുതല്‍ പതിനൊന്നുവരെ അഞ്ചാം നിയമസഭ ഒഴികെയുള്ള എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു.1957,1967,1980,1987 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ചേര്‍ത്തലയ്ക്ക് അടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിലാണ് ഗൗരിയമ്മയുടെ ജനനം. കളത്തിപ്പറമ്പില്‍ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14ന് കെ.ആര്‍ ഗൗരി ജനിച്ചു. എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ഗൗരിയമ്മ സഹോദരന്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1954ല്‍ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ.

ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്‌കരണ നിയമം, 1958 ലെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം എന്നിവ സഭയില്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും 1957ലെ ആദ്യ മന്ത്രിസഭയില്‍ റവന്യൂ മന്ത്രി എന്ന നിലയില്‍ ഗൗരിയമ്മയായിരുന്നു. കെ.ആര്‍. ഗൗരിയമ്മ എന്നപേരില്‍ പ്രസിദ്ധീകരിച്ച ആത്മ കഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു

1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേര്‍ന്നു. പാര്‍ട്ടിയുടെ പിളര്‍പ്പ് ഇവരുടെ വിവാഹ ബന്ധത്തിലും പ്രതിഫലിച്ചു.

1994ല്‍ സിപിഎമ്മില്‍ നിന്നും ഗൗരിയമ്മ പുറത്തുപോന്നു. അങ്ങനെ ജെ.എസ്.എസ് (ജനാധിപത്യ സംരക്ഷണ സമിതി) എന്ന ഗൗരിയമ്മയുടെ സ്വന്തം പാര്‍ട്ടി പിറന്നു. ഇടതുകോട്ടകളില്‍ പ്രത്യേകിച്ച് ആലപ്പുഴയിലെ ജെ.എസ്.എസ് ഉണ്ടാക്കിയ വിള്ളല്‍ ചെറുതല്ല. 2001ല്‍ യുഡിഎഫ് മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി.

പക്ഷേ തുടര്‍ച്ചയായി ജെ.എസ്.എസിനുണ്ടായ പരാജയം യുഡിഎഫ് പാളയം വിടുന്നതിലാണ് അവസാനിച്ചത്. അവസാന കാലത്ത് സിപിഎമ്മുമായി അടുപ്പം പുലര്‍ത്തിയിരുന്നു. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തു. സിപിഎമ്മിന്റെ വനിതാ മതിലില്‍ അടക്കം ഗൗരിയമ്മ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.