തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയവയ്ക്കും സാധ്യത ഉണ്ട്. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരുമെന്നും മുന്നറിയിപ്പുണ്ട്.
അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 190 കിലോ മീറ്റര്‍ വടക്ക്, വടക്ക്പടിഞ്ഞാറും ഗോവയിലെ പാനജിം തീരത്ത് നിന്ന് 330 കിലോ മീറ്റര്‍ തെക്കു-തെക്കു പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടൗട്ടെ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. അടുത്ത അറ് മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുകയും അതിനു ശേഷമുള്ള 12 മണിക്കൂറിനുള്ളില്‍ അതിശക്ത ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 18 വൈകുന്നേരത്തോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.