തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. എന്നാൽ സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
തിരുവനന്തപുരത്തെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് 3.5 മീറ്റര്‍ മുതല്‍ 4.5 വരെ ഉയരത്തില്‍ തിരയടിക്കാനാണ് സാധ്യത. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പുകളെല്ലാം നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നേരിയ തോതില്‍ മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളില്ല. ടൗട്ടേ കേരള തീരം വിട്ടതോടെ ഇനി മണ്‍സൂണ്‍ തുടങ്ങുന്നത് വരെ അന്തരീക്ഷം ശാന്തമായിരിക്കുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.