ന്യൂഡൽഹി∙ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപത്തെ നിർമാണ പ്രവർത്തനങ്ങളിൽ ചൈനയുടെ എതിർപ്പ് തള്ളി ഇന്ത്യ. നിലവിലെ പ്രശ്നങ്ങൾ തുടരുന്നതിനു കാരണം ഇതാണെന്നാണു ചൈനയുടെ നിലപാട്. ചൈനയുടെ അതിർത്തി പ്രദേശങ്ങളിൽ റോഡ് നിർമാണവും കമ്യൂണിക്കേഷൻ സംവിധാനങ്ങളും വ്യാപകമായി നിർമിക്കുന്നതു ചൂണ്ടിക്കാട്ടി ആണ് ചൈനയുടെ വാദഗതികളെ ഇന്ത്യ തള്ളിക്കളഞ്ഞത്. തർക്കം നിലനിൽക്കുന്ന ഗോഗ്ര–ഹോട് സ്പ്രിങ്സിൽ സുരക്ഷിതമായി വിവരങ്ങൾ കൈമാറുന്നതിനായി ചൈന ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ചിട്ടുണ്ട്.
സൈനികർക്ക് താമസിക്കാനായി സോളറിൽ പ്രവർത്തിക്കുന്ന കണ്ടെയ്നറുകളും ആശുപത്രി സൗകര്യവും ചൈന നിർമിച്ചിട്ടുണ്ടെന്നാണു സൈനിക കമാൻഡർമാർ നൽകുന്ന വിവരം. നിയന്ത്രണ രേഖയിൽനിന്ന് ഏറെ അകലെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത പാലങ്ങൾ. സൈനിക ആവശ്യങ്ങൾക്കുപരിയായി ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണിത്. ഇന്ത്യയുടെ ഭാഗത്താണു ഞങ്ങൾ നിർമാണങ്ങൾ നടത്തുന്നത്. അതിന് ചൈനയുടെ അനുമതി ആവശ്യമില്ല– ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.