തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴയും കാറ്റും തുടരും. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 23 വരെ കേരളത്തില്‍ പതിവിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ടൗട്ടെ ചുഴലിക്കാറ്റ് അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറി. ഇന്ന് 185 കിലോമീറ്റര്‍വരെ വേഗത്തില്‍ ടൗട്ടേ ആഞ്ഞുവീശും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഗുജറാത്ത്, ദിയു തീരങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് ടൗട്ടേ ഗുജറാത്ത് തീരത്തെത്തുമെന്നാണ് നിഗമനം.
അടുത്ത 24 മണിക്കൂറില്‍ അതിശക്ത ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ടൗട്ടെ കേരളതീരത്തുനിന്ന് അകന്നെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 17 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ മുന്നറിയിപ്പുകളുമുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.