ടൗട്ടെയ്ക്ക് പിന്നാലെ യാസ്: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; തിങ്കളാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ടൗട്ടെയ്ക്ക് പിന്നാലെ യാസ്: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; തിങ്കളാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ടൗട്ടെയ്ക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ്. ഇത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

യാസ് ചുഴലിക്കാറ്റായി മാറുമെന്നും മെയ് 26നോ 27നോ ഒഡിഷ, ബംഗാള്‍ തീരം തൊടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലായിരിക്കും കൂടുതല്‍ മഴ കിട്ടുക. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മുന്നൊരുക്കം തുടങ്ങി.
ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നാല്‍ ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.