തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഈ മാസം 24ന് നടക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും സത്യപ്രതിജ്ഞ. സ്പീക്കര്‍ തിരഞ്ഞെടുപ്പ് 25ന് നടക്കും. ഇതിനായി പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ പ്രഥമ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. പ്രോടെം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം പി.ടി.എ റഹീമിനെ നിയമിച്ചു. അദ്ദേഹം പുതിയ എം.എല്‍.എമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കും.
സ്പീക്കര്‍ തിരഞ്ഞെടുപ്പിനും പ്രോടേം സ്പീക്കറാണ് മേല്‍നോട്ടം വഹിക്കുക. സ്പീക്കര്‍ ചുമതലയേല്‍ക്കുന്നത് വരെയുള്ള നിയമസഭാ നടപടിക്രമങ്ങളും പ്രോടേം സ്പീക്കറുടെ മേല്‍നോട്ടത്തിലാണ് നടക്കുക. എം.ബി. രാജേഷ് ആണ് എല്‍.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി.
പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിക്കാനാണു സാധ്യത. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം 28ന് ആണ്. തൊട്ടടുത്ത ആഴ്ച ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും ജൂണ്‍ നാലിനു പുതുക്കിയ ബജറ്റ് അവതരണവും നടക്കാനാണു സാധ്യത. നയപ്രഖ്യാപനത്തിന്റെ കരട് തയാറാക്കാന്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍ എന്നിവരടങ്ങിയ ഉപസമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.പിയുമായ കെ.കെ. രാഗേഷിനെ നിയമിച്ചു. പുത്തലത്ത് ദിനേശന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരും. ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറി ആര്‍. മോഹന്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി തുടരും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.