വി.ഡി സതീശന് പ്രശംസ; മുന്‍ പ്രതിപക്ഷ നേതാവിനെ വിലയിരുത്താനില്ലെന്നും മുഖ്യമന്ത്രി

വി.ഡി സതീശന് പ്രശംസ;  മുന്‍ പ്രതിപക്ഷ നേതാവിനെ വിലയിരുത്താനില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വി.ഡി സതീശന്‍ മികച്ച പ്രതിപക്ഷ നേതാവാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രകടനവും പ്രതിപക്ഷ നിരയിലെ പ്രകടനവും മികച്ചതാണെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പുതിയ പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിച്ച വിവരം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട സതീശനെ പ്രശംസിച്ച് മുഖ്യമന്ത്രി എത്തിയത്. പ്രതിപക്ഷ നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് എന്നും ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ
ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി വ്യത്യസ്തമായിരുന്നു. 'രമേശ് ചെന്നിത്തല ഇപ്പോള്‍തന്നെ വിഷമിച്ചിരിക്കുകയാണ്. ഈ വിഷമത്തിനിടയ്ക്ക് എന്റെ ഒരു വിലയിരുത്തല്‍ കൂടി വേണോ? അതില്ലാതിരിക്കുന്നതാണ് നല്ലത്'-എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്ന വി.ഡി സതീശന് ആശംസകളുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെയും മുഖ്യമന്ത്രി എത്തിയിരുന്നു. 'പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങള്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു'- എന്നായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.