തിരുവനന്തപുരം: എഐസിസി തലത്തിലോ കേരളത്തിലോ രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പദവി നല്‍കിയേക്കുമെന്ന് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹവുമായി ചര്‍ച്ചകളൊന്നും ഹൈക്കമാന്‍ഡ് നടത്തിയിട്ടില്ല.
യുഡിഎഫ് ചെയര്‍മാന്‍ പദവിയില്‍ ചെന്നിത്തല തന്നെ തുടരട്ടെയെന്നു നിര്‍ദേശിക്കുന്നവര്‍ ഉണ്ട്. നേരത്തേ ചെന്നിത്തല പ്രതിപക്ഷ നേതാവ് ആയപ്പോള്‍ ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാന്‍ ആകട്ടെ എന്ന നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും അദ്ദേഹം വിസമ്മതിച്ചിരുന്നു. രണ്ടും ഒരാള്‍ വഹിക്കുന്നതാണു നല്ലത് എന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തന്നെയാണ് ചെന്നിത്തലയ്ക്കും.
എഐസിസി ജനറല്‍ സെക്രട്ടറി ആയോ പ്രവര്‍ത്തക സമിതി അംഗമായോ അദ്ദേഹത്തെ നിയോഗിച്ചേക്കാമെന്നു കരുതുന്നവരുണ്ട്. അതേസമയം, എംഎല്‍എ ആയതിനാല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനം കേരളത്തിനു പുറത്തേക്കു മാറ്റാനും ചെന്നിത്തലയ്ക്ക് കഴിയില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടി എംഎല്‍എ ആയി തുടര്‍ന്ന വേളയിലാണ് എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തക സമിതി അംഗമായും അദ്ദേഹത്തെ വച്ചത്. കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ പദവിയുടെ കാര്യത്തിലും തീരുമാനം ആകാനാണു സാധ്യത.