തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കലിലെ തീവ്രനൂനമര്‍ദ്ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും. നാളെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്ന യാസ് ബുധനാഴ്ച കരതൊടുമെന്നാണ് നിഗമനം.
ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാരദ്വീപിനും സാഗര്‍ദ്വീപിനും ഇടയില്‍ കരയില്‍ വീശുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതല്‍ എറണാകുളംവരെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടുങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴ പെയ്തേക്കും.
നാളെ തിരുവനന്തപുരം മുതല്‍ പാലക്കാടുവരെയുള്ള ഒൻപത് ജില്ലകളിലും വയനാട്ടിലും യെല്ലോ അലര്‍ട്ടാണ്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് ജില്ലകള്‍ക്കും കാസര്‍കോടിനുമാണ് ജാഗ്രതാനിര്‍ദ്ദേശമുള്ളത്.