കൊച്ചി: ബാലുശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നടനും മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി. പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റ് പണം നല്‍കാന്‍ മണ്ഡലത്തിലെ ഒരു കോണ്ഡഗ്രസ് നേതാവ് ആവശ്യപ്പെട്ടുവെന്നാണ് ധര്‍മജന്റെ പുതിയ വെളിപ്പെടുത്തല്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേരില്‍ വന്‍ പണ പിരിവ് നടത്തിയെന്നും പണം നേതാക്കളുള്‍പ്പടെ തട്ടിയെന്നും വ്യക്തമാക്കി ധര്‍മജന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തേ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഒരു കെപിസിസി സെക്രട്ടറിയുടെ പേരില്‍ പണ പിരിവ് നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം.
സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താന്‍ മത്സരിക്കാന്‍ വരുന്നതെന്നായിരുന്നു അവര്‍ വിചാരിച്ചത്. താനൊരു സാധാരണ സിനിമാക്കാരനാണെന്നും തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യത്തിനുള്ള തുക ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ആദ്യമായി മണ്ഡലത്തില്‍ എത്തിയപ്പോള്‍ത്തന്നെ കൂടുതല്‍ പണം ചിലവാകുമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും അവര്‍ നിരന്തരം പണം ആവശ്യപ്പെട്ടുവെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.
എഐസിസിയും കെപിസിസിയും നല്‍കിയ ഫണ്ടിന് പുറമേ താനും ആവശ്യത്തിന് ഫണ്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും താഴേ തട്ടിലേക്ക് എത്തിയില്ല. അത് മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഒരോ സിനിമാ താരത്തിന്റെയും കൈയില്‍ നിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിയാല്‍ പോരെ എന്നായിരുന്നു ഒരു നേതാവ് ചോദിച്ചതെന്നും ധര്‍മജന്‍ വെളിപ്പെടുത്തി.