പാലക്കാട്: ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ കൊടകര കുഴല്‍പ്പണക്കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. വെള്ളങ്ങല്ലൂര്‍ വീട്ടിലെ മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.
കവര്‍ച്ചയ്ക്ക് ശേഷം മാര്‍ട്ടിന്‍ കാറും സ്വര്‍ണവും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ചനടന്ന ശേഷം മൂന്ന് ലക്ഷം രൂപയുടെ കാറും മുന്നര ലക്ഷം രൂപയുടെ സ്വര്‍ണവും വാങ്ങിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനൊപ്പം നാല് ലക്ഷം രൂപ ബാങ്കില്‍ അടച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയില്‍ ഗുണ്ടാ സംഘം കവര്‍ച്ച ചെയ്തത്. എന്നാല്‍ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ധര്‍മരാജന്‍ ഡ്രൈവര്‍ ഷംജീര്‍ വഴി പൊലീസിന് പരാതി നല്‍കിയത്. നഷ്ടപ്പെട്ട മൂന്നരക്കോടിയില്‍ ഒരു കോടി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ബാക്കി തുക കണ്ടെത്താനും പണത്തിന്റെ ഉറവിടത്തെപ്പറ്റി വ്യക്തത വരുത്താനും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടക്കുകയാണ്.
അന്വേഷണം ബിജെപി നേതാക്കളിലേക്കും എത്തി നില്‍ക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ അന്വേഷണ സംഘം രാവിലെ മുതല്‍ ചോദ്യം ചെയ്യുകയാണ്. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലും പണത്തിന്റെ ഉറവിടം കണ്ടെത്താനാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.