തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. ഈ മാസം 31 മുതല്‍ സെക്രട്ടേറിയറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവാണം. നിയമസഭ നടക്കുന്നതിനാല്‍ അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം സെക്രട്ടേറിയേറ്റിലുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
വളം, കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ ആഴ്ചയില്‍ ഒരുദിവസം തുറക്കാം. ചകരിമില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മത്സ്യബന്ധന തുറമുഖങ്ങള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങി. അവയുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.