അടൂരില്‍ 98 വയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം; ചെറുമകന്‍ അറസ്റ്റില്‍

അടൂരില്‍ 98 വയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം; ചെറുമകന്‍ അറസ്റ്റില്‍

പത്തനംതിട്ട: അടൂരില്‍ വയോധികയെ മര്‍ദ്ദിച്ച കുറ്റത്തില്‍ ചെറുമകന്‍ അറസ്റ്റില്‍. അടൂര്‍ ഏനാത്തില്‍ 98 വയസ്സുകാരിയായ ശോശാമ്മയെ മര്‍ദ്ദിച്ച കൈതപ്പറമ്പ് തിരുവിനാല്‍ പുത്തന്‍വീട്ടില്‍ എബിന്‍ മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എബിന്‍ ശോശാമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കം തെളിവായി കാണിച്ച് വീട്ടുകാര്‍ തന്നെയാണ് പരാതി നല്‍കിയത്.

എബിന്‍ വയോധികയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ വീട്ടുകാര്‍ തടസം നില്‍ക്കുന്നത് കാണാം. ഒരു പെണ്‍കുട്ടി അടക്കമുള്ളവര്‍ ശോശാമ്മയെ മര്‍ദ്ദിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ വാവിട്ട് നിലവിളിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, അതൊന്നും വകവെക്കാതെയാണ് പ്രതി മര്‍ദ്ദനം തുടരുന്നത്.

മദ്യലഹരിയിലാണ് താന്‍ വയോധികയെ മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തില്‍ എബിന് ജാമ്യം അനുവദിച്ചു. കട്ടിലില്‍ കിടന്ന വയോധികയെ വലിച്ച് താഴെയിടുകയും നിലത്തുവീണ 98 കാരിയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇയാള്‍ സ്ഥിരം മദ്യപനാണെന്നും മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ബന്ധുക്കള്‍ മൊഴി നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.