വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാ. ചെറിയാന്‍ നേരേവീട്ടില്‍ അന്തരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാ. ചെറിയാന്‍ നേരേവീട്ടില്‍ അന്തരിച്ചു

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സത്യദീപം മുന്‍ ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍ (49) അന്തരിച്ചു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കൊച്ചി മരട് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈദികന് ഇന്നലെ ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇന്നുച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു മരണം. സംസ്‌കാരം പിന്നിട്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു. നിശംബ്ദ സേവനം നടത്തുന്ന വൈദികനായിരുന്നു ഫാ. ചെറിയാന്‍ നേരേവീട്ടില്‍. നേരത്തേ നടത്തിയ വൃക്കദാനം അധികമാരും അറിഞ്ഞിട്ടില്ല. 1971 ജൂണ്‍ എട്ടിന് ഇടപ്പള്ളി തോപ്പില്‍ ഇടവകയിലായിരുന്നു ജനനം. 1997 ജനുവരി ഒന്നിന് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. ജീസസ് യൂത്ത് ഇന്റര്‍ നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലിനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ 13ന് വൈകുന്നേരം നടക്കാനിറങ്ങിയപ്പോള്‍ മരട് പി.എസ് മിഷന്‍ ആശുപത്രിക്ക് സമീപം ആശുപത്രിയിലെ ജീവനക്കാരന്റെ ബൈക്കിടിച്ചാണ് ഫാ.ചെറിയാന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്നുതന്നെ അടിയന്തിര ശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായപ്പോള്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇന്നലെ ഹൃദയാഘാതമുണ്ടായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.