തിരുവനന്തപുരം: കോവിഡ് മരണനിരക്കിലെ ക്രമക്കേട് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് ആനുകൂല്യം നഷ്ടമാകുന്നത് ഒഴിവാക്കണം. നിയമസഭയിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ അവകാശവാദം. കോവിഡ് മഹാമാരിയെ നേരിടുന്നതിന് സര്‍ക്കാരിന് ഒരു ഉപാധികളുമില്ലാതെയുള്ള പിന്തുണയാണ് യുഡിഎഫ് നല്‍കുന്നത്. മരണനിരക്കിനെ കുറിച്ച് ധാരാളം പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. മാതാപിതാക്കള്‍ കോവിഡ് മൂലം മരിച്ച് അനാഥരാകുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
മരണനിരക്ക് മനഃപൂര്‍വ്വം കുറച്ചാല്‍ ധാരാളം കുട്ടികള്‍ക്ക് ഈ ആനുകൂല്യം നഷ്ടമാകും. പല ജില്ലകളിലും ഡോക്ടര്‍മാരുടെ സംഘടനകള്‍ ഉള്‍പ്പടെ മരണനിരക്കിനെ കുറിച്ചുള്ള പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാരത് ഗൗരവമായി പരിശോധിക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.