സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒമ്പതു വരെ നീട്ടി

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒമ്പതു വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതു വരെ നീട്ടി. എന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും.

സ്വര്‍ണക്കടകള്‍, ടെക്സ്റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നല്‍കുക.

വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും. അന്‍പത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.

സ്പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്. ടിപിആര്‍ നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്രം കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. 16.4 ആണ് കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആര്‍.

നേരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല് ജില്ലകളിലും ടിപിആര്‍ കൂടുതലാണ്. തീവ്ര രോഗവ്യാപനം വന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്. ഇളവുകള്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.